play-sharp-fill
വിദേശപൗരന്റെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം;  മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

വിദേശപൗരന്റെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി.

ഡിജിപി അനില്‍ കാന്തിനോടാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിസിപി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കോവളത്ത് സ്വീഡിഷ് പൗരനെ തടഞ്ഞ്, കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിച്ച സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൊലീസിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. ടൂറിസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു.

ഇത് സര്‍ക്കാരിന്റെ നയമല്ല. സംഭവിച്ചത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ കാര്യമാണ്. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് ആരെങ്കിലും അള്ളുവെക്കുന്ന നടപടി അനുവദിക്കില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ നടപടിയെടുക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മദ്യം ഒഴുക്കി കളയിപ്പിച്ച പൊലീസ് നടപടിയില്‍ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ പറഞ്ഞു. കളഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. എല്ലാ നികുതിയും നല്‍കിയാണ് മദ്യം വാങ്ങിയത്. നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്‍ വാങ്ങി പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീവന്‍ ആസ് ബര്‍ഗ് പറഞ്ഞു.