
സ്വന്തം ലേഖകൻ
മാനന്തവാടി: സ്വകാര്യ ചികിത്സാകേന്ദ്രത്തില്‍ മരിച്ച വിദേശവനിതയുടെ മൃതദേഹം ഒരാഴ്ചയോളം ആംബുലന്‍സില്‍ സൂക്ഷിച്ചതായി പരാതി. കാമറൂണ്‍ സ്വദേശിനിയായ മോഗം ക്യാപ്ച്യു എപോസ് കോഗ്നെ(48)യുടെ മൃതദേഹം ഫ്രീസറിലാക്കി ആംബുലന്‍സില്‍ സൂക്ഷിച്ചതാണ് വിവാദമായത്. പാല്‍വെളിച്ചത്തുള്ള ആയുര്‍വേദ യോഗവില്ലയിലാണ് ഇവര്‍ സഹോദരിക്കൊപ്പം ചികിത്സയ്‌ക്കെത്തിയത്.
കഴിഞ്ഞ 20-ന് രാവിലെ ഇവര്‍ മരിച്ചു. ഡോക്ടര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റും തിരുനെല്ലി പോലീസ് നല്‍കിയ എന്‍.ഒ.സി.യും അനുസരിച്ച് മൃതദേഹം സഹോദരിക്ക് വിട്ടുനല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എംബാംചെയ്ത് മൃതദേഹം കാമറൂണിലേക്ക് കൊണ്ടുപോകാന്‍ നടപടിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആംബുലന്‍സ് ഡ്രൈവറുടെ വീടിനോടുചേര്‍ന്ന ഷെഡ്ഡിലാണ് ഫ്രീസറിലാക്കി മൃതദേഹം സൂക്ഷിച്ചതെന്നും ഇതില്‍ അന്വേഷണംവേണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ കെ. ശരത്കുമാര്‍, ബി.ജെ.പി. ജില്ലാ ജനറല്‍സെക്രട്ടറി സി. അഖില്‍ പ്രേം എന്നിവര്‍ മാനന്തവാടി എ.എസ്.പി.ക്ക് പരാതിനല്‍കി. 20 മുതല്‍ 26 വരെ മൃതദേഹം സ്വകാര്യ ആംബുലന്‍സില്‍ സൂക്ഷിച്ചെന്നാണ് പരാതിയിലുള്ളത്. ഇതിന്റെമറവില്‍ അവയവക്കച്ചവടം ഉള്‍പ്പെടെ നടന്നതായി സംശയമുണ്ടെന്നും ആരോപിക്കുന്നു.
എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്ന് ആയുര്‍വേദ യോഗവില്ല അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ വിസയില്‍ രണ്ടുമാസംമുന്‍പ് സഹോദരിക്കൊപ്പമാണ് ഇവര്‍ ചികിത്സയ്‌ക്കെത്തിയത്. ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാലാണ് വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് സ്വകാര്യ ഫ്രീസര്‍ റൂം ഉപയോഗിച്ചതും നിയമപ്രകാരമാണെന്നും യോഗവില്ല അധികൃതര്‍ വ്യക്തമാക്കി.