കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യം ; വീട് കയറിയുള്ള അക്രമണത്തിൽ ക്യാന്‍സർ രോഗിയായ ഗൃഹനാഥന് വെട്ടേറ്റു ; പ്രതി ഒളിവിൽ ; അക്രമത്തിന് പിന്നിൽ പ്രദേശവാസിയായ മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവെന്ന് പോലീസ്

Spread the love

അമ്പലപ്പുഴ: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ വീട് കയറി അക്രമം. ക്യാന്‍സർ രോഗിയായ ഗൃഹനാഥന് വെട്ടേറ്റു. അമ്പലപ്പുഴ വടക്ക് 15 ആം വാര്‍ഡ്‌‌ വളഞ്ഞവഴി പുതുവല്‍ നീര്‍ക്കുന്നം വിനോദ് കുമാറിനാണ് (48) വെട്ടേറ്റത്. അക്രമം അറിഞ്ഞ് ചെന്ന അയല്‍വാസിയായ സുധാകരനും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.

പ്രദേശവാസിയായ മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവാണ് അക്രമത്തിന് പിന്നിലെന്ന് അമ്പലപ്പുഴ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്നു വില്‍പ്പന നടത്തുന്നതിനെ വിനോദിന്‍റെ മകന്‍ അനിമോന്‍ മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന അനിമോനുമായി അക്രമി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ക്യാന്‍സര്‍ ബാധിച്ച് കിടപ്പിലായ പിതാവിനോട് വിവരം പറയാന്‍ മുറിക്കുള്ളിലേക്ക് കയറിയ അനിമോനെ മാരകായുധവുമായെത്തിയ യുവാവ് അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ വിനോദിന്‍റെ കാലിന് വെട്ടേല്‍ക്കുകയായിരുന്നു. ഇതറിഞ്ഞ് ഓടിയെത്തിയ അയല്‍വാസി സുധാകരനെയും യുവാവ് മര്‍ദ്ദിച്ചു. പ്രതി ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group