
പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും ഹരിതകര്‍മ സേനാംഗത്തോട് മോശമായി പെരുമാറിയതിനും പിഴ ഈടാക്കി; നടപടി സ്വീകരിച്ച് കടുത്തുരുത്തി ഞീഴൂര്‍ പഞ്ചായത്ത്; പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്
സ്വന്തം ലേഖകൻ
കടുത്തുരുത്തി: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും ഹരിതകര്‍മ സേനാംഗത്തോട് മോശമായി പെരുമാറിയതിനും പിഴ ഈടാക്കി പഞ്ചായത്ത്. ഞീഴൂര്‍ പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. പത്താം വാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവയും ഉപയോഗിച്ച മാസ്‌കുകളും ചാക്കില്‍ കെട്ടി എംസിഎഫിന്‍റെ സമീപം ഇട്ടതിന് അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിന് 3,000 രൂപ പിഴയും ചുമത്തി.
രണ്ടാം വാര്‍ഡിലെ താമസക്കാരനാണ് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത്. താക്കീതു ചെയ്തിട്ടും ഇത് ആവര്‍ത്തിക്കുന്നതായുള്ള പരാതിയെത്തുടര്‍ന്ന് ഞീഴൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സ്‌ക്വാഡ് നടത്തി. പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിമൂന്നാം വാര്‍ഡിലാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗത്തോട് അപര്യാദയായി പെരുമാറിയ സംഭവം ഉണ്ടായത്. ഇയാള്‍ക്ക് ആയിരം രൂപ പഞ്ചായത്ത് പിഴ ചുമത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കണ്‍വീനറാക്കി വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
ഞീഴൂരില്‍ സ്‌ക്വാഡിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചയുടൻ തന്നെയാണ് പിഴയീടാക്കുന്ന നടപടിയാരംഭിച്ചത്. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്. 25,000 രൂപ വരെ പിഴയീടാക്കുന്ന കുറ്റമാണിതെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പഞ്ചായത്തില്‍ അറിയിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേയും ഹരിതകര്‍മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ബിജു എം. മാത്യൂസ് അറിയിച്ചു.