എല്ലാം കൂടി ഒന്ന്, ഓപ്പറേഷൻ ലൈഫ് മാത്രം; നാടിന് നല്ല ഭക്ഷണം ഉറപ്പാക്കുമെന്ന് ആരോ​ഗ്യ മന്ത്രി

എല്ലാം കൂടി ഒന്ന്, ഓപ്പറേഷൻ ലൈഫ് മാത്രം; നാടിന് നല്ല ഭക്ഷണം ഉറപ്പാക്കുമെന്ന് ആരോ​ഗ്യ മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓപ്പറേഷൻ ഷവർമ, മത്സ്യ, ജാഗറി, ഹോളിഡേ തുടങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടും. ഇത്തരം ഓപ്പറേഷനുകളുടെ ഫലമായാണ് ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടിയതെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

സുസ്ഥിരവും ആരോഗ്യകരവുമായ നിലനിൽപ്പിനായാണ് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം പകരുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ തലത്തിൽ നിരവധി പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല ഭക്ഷണവും വെളളവും ഓരോരുത്തരുടെയും അവകാശമാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. പ്രാദേശികമായ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകളെല്ലാം ഓൺലൈനാക്കി.

ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം പ്രധാനമാണ്. അതിനാൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. കെഎംഎസ്‌സിഎൽ വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്സിൻ ലഭ്യമാക്കി. പച്ചമുട്ട ചേർത്തുണ്ടാക്കിയ മയോണൈസ് നിരോധിച്ചു. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. എൻ.എ.ബി.എൽ. ലാബ് സജ്ജമാക്കി. മൈക്രോബയോളജി ലാബുകൾ സജ്ജമാക്കി വരുന്നു. ക്ലീൻ സ്ട്രീറ്റ് ഫുഡ് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങരുത്. നമുക്കും സമൂഹത്തിനും അടുത്ത തലമുറയ്ക്കുമായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.