
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊതുവിപണി വഴി സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുമെന്നും
സപ്ലൈക്കോ വഴി എണ്ണം പറഞ്ഞ പലവ്യഞ്ജനങ്ങള്‍ക്കടക്കം തങ്ങളുടെ ഭരണകാലത്ത് വില കൂടില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇന്ന് വിപണിയിലെ കുത്തനെയുള്ള വിലക്കയറ്റം കണ്ടില്ലെന്ന മട്ടാണ്.
അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കുമടക്കം വിപണിയില്‍ വില കത്തിക്കയറുമ്പോള്‍ സപ്ലൈക്കോ വഴിയുള്ള പൊതുവിപണിയുടെ ആനകൂല്യം ലഭിക്കുന്നത് 10 ശതമാനം വരുന്ന ജനങ്ങള്‍ക്ക് മാത്രമാണ് എന്നതാണ് വസ്തുത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
92.88 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 10 ശതമാനത്തിനു മാത്രമാണ് സബ്‌സിഡി നിരക്കില്‍ ഏതാണ്ട് 10 ഇനം പലവ്യഞ്ജനം വിലകുറച്ചു കിട്ടുന്നത്. അതും നാമമാത്രമായ അളവിലും. സപ്ലൈകോ വഴി വില നിയന്ത്രിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് ഇതിലൂടെ പൊളിയുന്നത്. ഈ സത്യാവസ്ഥ നിലനില്‍ക്കുമ്പോള്‍ വിപണിയില്‍ അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ദനവ് ജനങ്ങളെ വലയ്ക്കുകയാണ്.
അരിക്കും പച്ചക്കറികള്‍ക്കും പുറമേ സോപ്പ്, ടൂത്ത്‌പേസ്റ്റ്, ബിസ്‌കറ്റ് തുടങ്ങിയ നിത്യോപയോഗവസ്തുക്കള്‍ക്കും കൊല്ലുന്ന വിലക്കയറ്റമാണ് വിപണിയില്‍. യുക്രെയ്ന്‍ യുദ്ധത്തിന്റെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയുടെയും പേരിലാണ് 4 മാസമായി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടുന്നത്.
വന്‍തോതില്‍ വിറ്റഴിയുന്ന പ്രമുഖ ബ്രാന്‍ഡ് സോപ്പിന് 8 മാസം മുന്‍പ് 48 രൂപയായിരുന്നത് 3 തവണയായി 30 രൂപ കൂട്ടി ഇപ്പോള്‍ 78 രൂപയായി. കൂടുതല്‍ വില്‍ക്കുന്ന ബ്രാന്‍ഡ് സസ്യ എണ്ണയ്ക്ക് 2 മാസം മുന്‍പ് ലീറ്ററിന് 136 രൂപയായിരുന്നു. ദീപാവലിക്ക് വില ഒറ്റയടിക്ക് 154 രൂപയാക്കി.
അരിയുടെ വില നോക്കിയാല്‍ മട്ട ലൂസ് അരി കിലോഗ്രാമിന് 60 രൂപയും ബ്രാന്‍ഡഡ് മട്ട അരി 67 രൂപയുമാണ് ഇന്നലത്തെ ചില്ലറവില. ജയ അരിക്ക് 62 രൂപയും. സംസ്ഥാനത്ത് അരി വില ഇത്രയും വര്‍ദ്ധിക്കുന്നത് ഇതാദ്യമാണ്. മട്ട അരിയുടെ മൊത്തവില കിലോഗ്രാമിന് 58 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.
ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളില്‍ നെല്ലുല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. വില വര്‍ദ്ദിക്കുമ്പോഴും അരിയുടെ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലാകട്ടെ പ്രസ്താവനയില്‍ ഒതുങ്ങുകയും ചെയ്യുന്നു.
ഗോതമ്പിന്റേയും പല പച്ചക്കറികളുടേയും വിലയിലും വലിയ മാറ്റമാണ് വിപണിയിലുള്ളത്. ഗോതമ്പിന്റെ വില കിലോയ്ക്ക് 33 രൂപയില്‍ നിന്ന് 38 രൂപയായാണ് വര്‍ദ്ദിച്ചത്. പാല്‍ വിലയും വൈകാതെ ലീറ്ററിന് 5 രൂപ വരെ കൂടിയേക്കുമെന്നാണ് വിവരം.