അന്നദാനത്തിന്റെ പേരിൽ തട്ടിപ്പ്; പത്തനംതിട്ട നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ; ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ. ആയൂര്‍ നിര്‍മ്മാല്യം വീട്ടില്‍ ജെ. ജയപ്രകാശിനെയാണ് പത്തനംതിട്ട വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ മെസിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായ ജയപ്രകാശ് ആറു മാസമായി സസ്പെന്‍ഷനിലാണ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.

2018-19 കാലയളവില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച്‌ കരാറുകാരനായ കൊല്ലം പട്ടത്താനം സ്വദേശി ജയപ്രകാശ് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സാധനങ്ങള്‍ എത്തിച്ച വകയില്‍ കരാറുകാരന്റെ പേരില്‍ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി. കരാറുകരന് 30,00.903 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 8.20 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്ക് പകരം പ്രതിയുടെ നേതൃത്വത്തില്‍ 1.15കോടിയുടെ ചെക്കുകള്‍ എഴുതി. ബില്ലിലും വൗച്ചറിലും ഒപ്പിട്ടു നല്‍കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടു.

എന്നാല്‍, തനിക്ക് ലഭിക്കാനുള്ള ബാക്കി തുകയുടെ മാത്രം ചെക്ക് എഴുതിയാല്‍ മതിയെന്ന് കരാറുകാരന്‍ പറഞ്ഞു. ഇതു വകവയ്ക്കാതെ പ്രതിയും രണ്ട് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍മാരായ സുധീഷ് കുമാര്‍, രാജേന്ദ്രപ്രസാദ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന വാസു പോറ്റി എന്നിവർ ചേര്‍ന്ന് കരാറുകാരന്റെ കള്ള ഒപ്പിട്ട് ചെക്കുകള്‍ ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചില്‍ കൊടുത്ത് പണം പിന്‍വലിച്ചെന്നാണ് പരാതി. കരാറുകാരന് 22 ലക്ഷം പണമായി കൈമാറാനും ശ്രമിച്ചു. മറ്റ് രണ്ട് പ്രതികൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.