ഭക്ഷണം ഓർഡർ ചെയ്ത് ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്ന് പണം തട്ടിയ തട്ടിപ്പുകാരൻ പിടിയിൽ: പ്രതിയെ കോട്ടയത്ത് എത്തിച്ചേയ്ക്കും
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലേക്ക് ഫോണിലൂടെ ഭക്ഷണം ഓർഡർ ചെയ്ത് ഓൺലൈൻ വഴി പണം തട്ടുന്ന സംഘത്തിന്റെ തലവൻ പിടിയിൽ. ഉത്തർപ്രദേശ് മഥുര ബിഷംഭര ഗ്രാമ സ്വദേശി ദിൽബാഗ് (23) ആണ് തൃശ്ശൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കോട്ടയം ജില്ലയിലെ ഒരു ഹോട്ടലിൽ നിന്ന് പണം തട്ടുകയും മറ്റ് ഏഴ് ഹോട്ടലുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഇയാൾ ശ്രമിക്കുകയും ചെയ്തിരുന്നു.
തൃശ്ശൂരിലെ ഒരു ഹോട്ടലിലേക്കുവിളിച്ച് ഭക്ഷണം ഓർഡർചെയ്ത തട്ടിപ്പിലാണ് അന്വേഷണം തുടങ്ങിയത്. പട്ടാളക്കാരനാണെന്നു പരിചയപ്പെടുത്തിയ ഇയാൾ തങ്ങളുടെ ക്യാംപിലെ പട്ടാളക്കാർക്കു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് വലിയ തുകയ്ക്ക് ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്തു. ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുപോകാൻ ആരും എത്താതിരുന്നതിനെത്തുടർന്ന് കടയുടമ തിരികെ ബന്ധപ്പെട്ടു. തനിക്കു വരാൻ കഴിയില്ലെന്നും വേറെ ആളെ പറഞ്ഞയ്ക്കാമെന്നും ബാങ്ക് അക്കൗണ്ടും വിവരങ്ങളും വാട്സാപ് വഴി തന്നാൽ ഓൺലൈനായി പണം അടയ്ക്കാമെന്നും വിശ്വസിപ്പിച്ച് എ.ടി.എം., വിവരങ്ങളും പാസ്വേഡും ചോർത്തി. നിമിഷങ്ങൾക്കകം വലിയൊരു തുക അക്കൗണ്ടിൽനിന്ന് പിൻവലിക്കുകയും ചെയ്തു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ അതിർത്തിഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ പ്രവർത്തനമെന്ന് പോലീസ് കണ്ടെത്തി. അന്വേഷണാംഗങ്ങൾ കച്ചവടക്കാരുടെ വേഷത്തിലാണ് ഗ്രാമത്തിൽ പ്രവേശിച്ചത്. പ്രതിയുടെ പ്രവർത്തനമേഖലയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണവും അറസ്റ്റും.
ഗ്രാമത്തിലുള്ള ഭൂരിഭാഗം തട്ടിപ്പുകാരുടെയും കൈവശം നാടൻ തോക്കുകളും ആയുധങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ആളുകൾ എത്തുന്നതു നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നതിനാൽ രക്ഷപ്പെടുന്നതിനുള്ള സാധ്യതകളും കൂടുതലായിരുന്നു.
പ്രതി പിടിയിലായ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി ഇയാളെ അടുത്ത ദിവസം തന്നെ കോട്ടയത്ത് എത്തിച്ചേക്കുമെന്നാണ് സൂചന. പണം നഷ്ടമായ ഏറ്റുമാനൂരിലെ ഹോട്ടൽ വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തങ്ങളുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴി തട്ടിപ്പിനെതിരെ പ്രചാരണം ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കോട്ടയം ജില്ലയിൽ കൂടുതൽ ഹോട്ടലുകൾ തട്ടിപ്പിൽ അകപ്പെടാതിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകും.