
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് രോഗികളെ രക്ഷിക്കാൻ നെട്ടോട്ടം ഓടുന്ന 108 ആംബുലൻസ് ഡ്രൈവർമാർക്കു കഴിക്കാനായി നൽകിയ മാലിന്യങ്ങൾ നിറഞ്ഞ ഭക്ഷണം. തുടർച്ചയായ ദിവസങ്ങളിൽ ഭക്ഷണപ്പൊതിക്കുള്ളിൽ നിന്നും ചത്ത പാറ്റയെയും പല്ലിയെയും മുടിയും എടുത്തുമാറ്റി വലഞ്ഞ 108 ആംബുലൻസ് ഡ്രൈവർമാർ ഒടുവിൽ ഗതികെട്ട് സമരത്തിനിറങ്ങി. കൊവിഡ് കേസുകൾ എടുക്കാതെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ജനറൽ ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധിക്കുകയാണ്.
ജനറൽ ആശുപത്രിയിൽ ഏഴു ആംബുലൻസുകളാണ് കൊവിഡ് കേസുകൾക്കു വേണ്ടി സർവീസ് നടത്തുന്നത്. കൊവിഡ് രോഗികളെ പരിശോധനയ്ക്കു എത്തിക്കുന്നതും, കൊവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേയ്ക്കു മാറ്റുന്നതും ഈ ആംബുലൻസിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയുടെ കുടുംബശ്രീ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഇവർക്കു ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിച്ച ഭക്ഷണത്തിൽ നിന്നും ചത്ത പാറ്റയെയാണ് ഇവർക്കു ലഭിച്ചത്. ഇത് കൂടാതെ ഞായറാഴ്ച ലഭിച്ച ഭക്ഷണത്തിൽ നിന്നും തലമുടിയും കിട്ടി. ഇതോടെയാണ് ഡ്രൈവർമാർ ഗതികെട്ട് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഞായറാഴ്ച രാവിലെ സർവീസ് നടത്തിയ ഡ്രൈവർമാർ ഉച്ചയ്ക്കു ശേഷം കേസുകൾ എടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതിനു പിന്നാലെ 108 അധികൃതരും ജില്ലാ കളക്ടർ അടക്കമുള്ളവരും ചർച്ച നടത്തുകയാണ്. ഈ ചർച്ച വിജയിച്ചാൽ സമരം പിൻവലിക്കും. പക്ഷേ, ഭക്ഷണം കൃത്യമായി ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ സമരം തുടരുമെന്നും 108 ആംബുലൻസ് ഡ്രൈവർമാർ പറയുന്നു.