അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും; പ്രവീൺ റാണ തുടങ്ങിയ ഫ്ളൈ ഹൈ ഹോട്ടലിന് പൂട്ട് വീണു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസി ഉടമ പ്രവീൺ റാണ ആരംഭിച്ച കൊച്ചിയിലെ പബ്ബ് ഉൾപ്പെടെയുള്ള ഹോട്ടൽ പൊലീസും എക്‌സൈസും ചേർന്ന് പൂട്ടിട്ടു. അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും നിയമം ലംഘിച്ചുള്ള പ്രവർത്തനവുമാണ് ഹോട്ടൽ പൂട്ടാൻ ഇടയാക്കിയ കാരണം.

എക്‌സൈസിന്റെ നിർദ്ദേശ പ്രകാരം പൊലീസ് ഹോട്ടൽ പൂട്ടിയതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഹോട്ടലിന്റെ ഹൈ ഫ്‌ളൈ പബ്ബിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രവർത്തി സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുന്നത് പതിവാണ്. ഇതൊക്കെ മൂലം പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയായിരുന്നു ഈ ഹോട്ടൽ. ഇതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഹോട്ടലിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ സൗത്ത് പൊലീസ് എക്‌സൈസിന് ശുപാർശ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹോട്ടൽ പൂട്ടിയിരിക്കുന്നത്. അതേ സമയം ഹോട്ടൽ പൂട്ടിയതല്ലെന്നും അറ്റകുറ്റപ്പണികൾക്കായി രണ്ട് ദിവസത്തേക്ക് അവധി കൊടുത്തിരിക്കുകയാണെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ഇത് വ്യക്തമാക്കുന്ന തരത്തിൽ ഹോട്ടലിന് മുന്നിൽ എഴുതി പതിപ്പിച്ചിട്ടുമുണ്ട്.

മാർച്ച് 11 നാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു.

ഇവിടെ നടന്ന നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയാണ് ഫ്ളൈ ഹൈ ഈടാക്കിയിരുന്നത്.തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ മാനേജിങ് ഡയറക്ടറായ കൈപ്പുള്ളി പ്രവീൺ എന്ന പ്രവീൺ റാണയും ഷാസിൽ ചിറ്റാലിക്കലും ചേർന്നാണ് മാനേജ്മെന്റ് കോൺട്രാക്ട് പ്രകാരം ബാർ ലൈസൻസ് ഉൾപ്പടെ ഏറ്റെടുത്തിരുന്നത്.

ഹാർബർ വ്യൂ റസിഡൻസി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഇരുവരും ഡയറക്ടർമാരായ ലെ പാരഡൈസ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഹോട്ടൽ ഏറ്റെടുത്താണ് പ്രവർത്തനം ആരംഭിച്ചത്.