കൊറോണയ്ക്ക് പിന്നാലെ പ്രളയവും..? ഇക്കൊല്ലവും പ്രളയം ഉണ്ടാവുമെന്ന വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനത്തിന് പിന്നാലെ അന്വേഷണ പെരുമഴ

കൊറോണയ്ക്ക് പിന്നാലെ പ്രളയവും..? ഇക്കൊല്ലവും പ്രളയം ഉണ്ടാവുമെന്ന വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനത്തിന് പിന്നാലെ അന്വേഷണ പെരുമഴ

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിൽ കൊറോണയ്ക്ക് പിന്നാലെ ഇക്കൊല്ലവും പ്രളയം ഉണ്ടാകുമെന്ന് തമിഴ്‌നാടിന്റെ വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനം. വെതർമാന്റെ പ്രവചനത്തിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ ആശങ്ക നിറഞ്ഞ അന്വേഷണങ്ങളുടെ പെരുമഴയാണ്.

2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016 ൽ വാർധ ചുഴലിക്കാറ്റിനു മുമ്പും ഫെയ്‌സ്ബുക്കിലൂടെ പ്രദീപ് ജോൺ നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായിരുന്നു. ഇതോടെയാണ് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോൺ നിത്യേന നടത്തുന്ന കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധ നേടി തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

57 ലക്ഷത്തിലധികം പേരാണ് തമിഴ്‌നാട് വെതർമാനെ ഫെയ്‌സ്ബുക്കിൽ പിന്തുടരുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ ശേഖരിച്ച് പ്രദീപ് നടത്തുന്ന പഠനങ്ങൾ കൃത്യമായ പ്രവചനങ്ങൾക്കു സഹായമായതോടെ, ഓരോ കാലവർഷത്തിലും പ്രദീപിന്റെ പ്രവചനങ്ങൾ തേടി ആയിരക്കണക്കിന് ആളുകളാണ് ഈ എം.ബി.എക്കാരനെ തേടി എത്തുന്നത്.

1996 ജൂണിൽ ചെന്നൈയിൽ മൂന്നുദിവസം പെയ്ത പേമാരിയോടെയാണ് പ്രദീപ് ജോൺ കാലാവസ്ഥ നിരീക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. തുടർച്ചയായ മൂന്നാംവർഷവും കേരളത്തിൽ പ്രളയമുണ്ടാകുമെന്നാണ് പ്രദീപിന്റെ പുതിയ പ്രവചനം.

കണക്കുകൂട്ടൽപ്രകാരം 2300 മില്ലിമീറ്റർ മഴ അടുത്ത കാലവർഷത്തിൽ കേരളത്തിൽ പെയ്യും. 2018 ൽ സംസ്ഥാനത്ത് 2517 മില്ലിമീറ്ററും കഴിഞ്ഞവർഷം 2310 മില്ലിമീറ്റർ മഴയും കേരളത്തെ പ്രളയത്തിൽ മുക്കി.

തെക്ക് പടിഞ്ഞാറൻ മൺസൂണിൽ സാധാരണ കേരളത്തിൽ കിട്ടുന്ന 2049 മില്ലിമീറ്റർ മഴ മറികടന്നതോടെയാണ് കേരളം പ്രളയത്തിൽ അകപ്പെട്ടത്. ഇത്തവണയും പ്രളയം പ്രവചിച്ചതോടെ മഴയുടെ ലഭ്യതയും ജാഗ്രതാ മുന്നറിയിപ്പും ഉൾപ്പെടെ മുടങ്ങാതെ ഫെയ്‌സ്ബുക്കിൽ പങ്കുവയ്ക്കുന്ന പ്രദീപിനെത്തേടി ഈ സീസണിലും അന്വേഷണങ്ങളുടെ പ്രവാഹം തുടങ്ങിയിട്ടുണ്ട്.