video
play-sharp-fill

ഗുജറാത്തിൽ നിന്നുള്ള ദുരിതാശ്വാസ സഹായം കേരളത്തിന് വേണ്ട: ഗുജറാത്തിൽ നിന്നുള്ള അവശ്യ സാധനങ്ങൾ റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം; മോഷണം,  മഴ നനയൽ ഭീഷണിയിൽ സാധനങ്ങൾ

ഗുജറാത്തിൽ നിന്നുള്ള ദുരിതാശ്വാസ സഹായം കേരളത്തിന് വേണ്ട: ഗുജറാത്തിൽ നിന്നുള്ള അവശ്യ സാധനങ്ങൾ റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് രണ്ടു ദിവസം; മോഷണം, മഴ നനയൽ ഭീഷണിയിൽ സാധനങ്ങൾ

Spread the love
 ശ്രീകുമാർ
കോട്ടയം: ഗുജറാത്ത് സംസ്ഥാന സർക്കാർ കേരളത്തിലെ പ്രളയബാധിതർക്കായി അയച്ചു നൽകിയ ലക്ഷങ്ങളുടെ ദുരിതാശ്വാസ സഹായം രണ്ടു ദിവസമായി റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നു. ലക്ഷങ്ങൾ വിലവരുന്ന അരിയും പച്ചക്കറിയും അടക്കമുള്ള സാധനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽകെട്ടിക്കിടക്കുന്നത്.
കേരളത്തിലെ ജനങ്ങൾ പ്രളയദുരിതം അനുഭവിക്കുമ്പോൾ എത്രലാഘവത്തോടെയാണ് ജില്ലാ ഭരണകൂടം സാധനങ്ങളുടെ വിതരണം കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് രണ്ടു ദിവസമായി റെയിൽവേ സ്‌റ്റേഷനിൽക്കെട്ടിക്കിടക്കുന്ന അവശ്യ വസ്തുക്കൾ.
ജില്ലാ ഭരണകൂടത്തിന്റെ ലാഘവകരമായ സമീപനത്തെപ്പറ്റി രണ്ടാം തവണയാണ് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് പുറത്തു വിടുന്നത്. നേരത്തെ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യാനായി തമിഴ്‌നാട് സംഘം നൽകിയ സഹായം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ കെട്ടിക്കിടന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടും ആദ്യമായി പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഈ വാർത്ത വിവാദമായതോടെ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടാണ് സാധനങ്ങൾ വിതരണം ചെയ്യാൻ കൃത്യമായ ചട്ടമുണ്ടാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗുജറാത്തിൽ നിന്നുള്ള ദുരിതാശ്വാസ സഹായവുമായി ട്രെയിൻ ജില്ലയിൽ എത്തിയത്. ടൺകണക്കിന് അരിയും, അവശ്യസാധനങ്ങളും, വസ്ത്രങ്ങളും, സാനിറ്ററി നാപ്കിനും കുപ്പിവെള്ളവും അടക്കം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇവിടേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഗുജറാത്ത് സംസ്ഥാന സർക്കാരും, സന്നദ്ധ സംഘടനകളും ചേർന്ന് സ്വരൂപിച്ചതാണ് ലക്ഷങ്ങൾ വിലവരുന്ന ഈ സാധനങ്ങൾ. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഈ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു പൊലീസുകാരെ മാത്രമാണ് ഇതിനായി കാവൽ നിർത്തിയിരിക്കുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നൂറു മീറ്ററോളം ദൂരത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഈ സാധനങ്ങൾ സംരക്ഷിക്കാൻ ഈ പൊലീസുകാർക്ക് മാത്രം സാധിക്കുമോ എന്ന ചോദ്യം ഉയരുന്നു.
രാത്രിയിൽ മഴ പെയ്താൽ ഈ സാധനങ്ങൾ നനഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ ഈ സാധനങ്ങൾ മോഷ്ടിക്കപ്പെടാനും ഇടയുണ്ട്. ഇത്തരത്തിൽ ജില്ലാ ഭരണകൂടത്തിന്റെ വിലാസത്തിൽ സാധനങ്ങൾ എത്തിയതായി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, ഇതുവരെയും സാധനങ്ങൾ ഏറ്റെടുക്കാൻ റവന്യു അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ദുരിതബാധിതരെ സഹായിക്കുന്നതിലുള്ള അലംഭാവമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.