play-sharp-fill
കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി; ഉണ്ടായിരിക്കുന്നത് വലിയ നാശനഷ്ടം; ഉരുള്‍പൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനകള്‍; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി; ഉണ്ടായിരിക്കുന്നത് വലിയ നാശനഷ്ടം; ഉരുള്‍പൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനകള്‍; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സ്വന്തം ലേഖിക

കോട്ടയം: അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി.


വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും ഉരുള്‍പൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കലിലാണ് വലിയ അപകടം നടന്നത്. ഇവിടെ കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുള്‍പൊട്ടി രണ്ട് കുടുംബങ്ങളിലെ 10 പേര്‍ അപകടത്തില്‍ പെട്ടു. ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസ് വെളളക്കെട്ടില്‍ മുങ്ങി. പലയിടത്തും ഗതാഗതതടസം ഉണ്ടായി. ഈരാറ്റുപേട്ടയും അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടത് ആശങ്കയും അമ്ബരപ്പിനും കാരണമായി. ആളുകള്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കര, വ്യോമ സേനകള്‍ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.

റോഡ് മുഴുവന്‍ കനത്ത മഴയില്‍ സഞ്ചാരയോഗ്യമല്ലാത്ത നിലയിലായതിനാല്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. അതിനാല്‍ തന്നെ നാട്ടുകാര്‍ക്ക് മൃതദേഹങ്ങള്‍ എങ്ങോട്ട് മാറ്റുമെന്നതില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ ആശങ്കയറിയിച്ചിട്ടുണ്ട്. കോട്ടയം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ മഴ ശക്തമായി തുടരുകയാണ്. പാലാ, പൂഞ്ഞാര്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

കട്ടപ്പന കുട്ടിക്കാനം റൂട്ടില്‍ ചപ്പാത്ത് പാലത്തില്‍ വെള്ളം കയറിയ നിലയാണ്. കാഞ്ഞിരപ്പള്ളിയില്‍ ഏന്തയാര്‍ ജെജെ മര്‍ഫി സ്കൂള്‍, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്‌എന്‍ സ്കൂള്‍, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാള്‍, ചെറുവള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂള്‍, കാപ്പാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ തുറന്നത്.

അതേസമയം അടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റ് മധ്യ-തെക്കന്‍ കേരളത്തില്‍ വീശുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജില്ലയില്‍ ഫയര്‍ഫോഴ്സ് കൂടുതല്‍ ടീമിനെ എത്തിച്ചു. പാലായില്‍ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്ബാടി , ചങ്ങനാശ്ശേരി , കോട്ടയം , കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചില്‍ താലൂക്ക് പ്രദേശങ്ങളില്‍ വെളളം ഉയരാനുള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം , തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയില്‍ ഉടന്‍ എത്തിച്ചേരും.