
വിമാനഅപകടത്തിൽപ്പെട്ട നാൽപ്പതു പേർക്കു കൊവിഡെന്നു വ്യാജ പ്രചാരണം: പ്രചരിപ്പിക്കുന്നത് മാതൃഭൂമിയുടെ ലോഗോ സഹിതം: യാത്രക്കാരിൽ ഒരാൾക്ക് മാത്രം കൊവിഡ്; ആശങ്കയിൽ രക്ഷാ പ്രവർത്തകർ; രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോടു ക്വാറന്റയിനിൽ പോകാൻ നിർദേശം
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കോഴിക്കോട് കരിപ്പൂരിൽ ലാൻഡിംങിനിടെ വിമാനം രണ്ടായി പിളർന്നു 19 ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും വ്യാജ പ്രചാരണമവുമായി സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ. മാതൃഭൂമി ചാനലിന്റെ ലോഗോ സഹിതം വിമാന അപകടത്തിൽപരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 40 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്തയാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
എന്നാൽ, കരിപ്പൂർ വിമാന അപകടത്തിൽ മരിച്ച ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നു മന്ത്രി കെ ടി ജലീൽ അറിയിച്ചു. ബാക്കിയുള്ള യാത്രക്കാരുടെ പരിശോധന നടത്തിയിട്ടില്ല. ഇതിനു ശേഷം മാത്രമേ ഇത്തരം വാർത്തകൾ പുറത്തു വിടാവൂ. വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ സ്വയം പരിശോധനയ്ക്ക് വിധേയരാവണമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ കാണണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം, വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയാണ് തകർന്നത്. എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡി ജി സി എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദുബായ് വിമാനം, റൺവേയിൽ നിന്നും തെന്നിമാറി വിമാനം രണ്ടായി പിളർന്നത്. ഇതേ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ഓടിയെത്തി യാത്രക്കാരെ രക്ഷപെടുത്തിയ നാട്ടുകാരെ ഭീതിപ്പെടുത്തുന്ന വ്യാജ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തു വരുന്നത്.
മാതൃഭൂമി ന്യൂസിന്റെ ലോഗോ സഹിതമാണ് 40 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു എന്ന സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. കൊവിഡ് കാലത്തുണ്ടായ അപകടത്തെയും വ്യാജ പ്രചാരണത്തിനു ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധ സംഘത്തെപ്പറ്റി പരാതികളും ഉയർന്നിട്ടുണ്ട്.