
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ; ഡിസംബർ 20 മുതൽ ആറിരട്ടിവരെ വർധന, നീക്കം ക്രിസ്‌മസ്, പുതുവത്സരം മുന്നിൽക്കണ്ട് ; തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ ഇനി 75,000 രൂപ
സ്വന്തം ലേഖകൻ
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000ത്തിന് താഴെയാണ്.
ഇത് 75,000 രൂപക്കുമുകളിലാക്കി. ബിസിനസ് ക്ലാസിലിത് 1,61,213 രൂപയാണ്. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഒന്നുമുതൽ കരിപ്പൂർ–- ദുബായ്, നെടുംമ്പാശേരി –-ദുബായ്, തിരുവനന്തപുരം–- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും.
പുതിയ സർവീസുമായി ഇത്തിഹാദ്
കേരളത്തിലേക്ക് പുതിയ സർവീസുമായി യുഎഇ ദേശീയ എയർലൈൻസ് കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഴ്‌ചയിൽ ഏഴ് സർവീസ് നവംബർ ഒന്നുമുതൽ ആരംഭിക്കും.
നെടുമ്പാശേരിയിൽനിന്ന് നിലവിലുള്ള സർവീസ് കൂടാതെ എട്ട് സർവീസുകൾകൂടിയുണ്ടാകും. കരിപ്പൂർ, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്ക് പുതിയ സർവീസ് പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധ എയർലൈൻ കമ്പനികൾ കേരളത്തിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പുതിയ സർവീസിന് അനുമതി തേടി. ഇത്തിഹാദിനുപുറമേ ഒമാൻ എയർ, എയർ ഇന്ത്യ, ശ്രീലങ്കൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ് എന്നിവയാണ് പുതിയ സർവീസിന് അനുമതി തേടിയത്.