
തൃശൂർ: വിമാന ടിക്കറ്റിന് രണ്ട് മുതല്‍ മൂന്ന് വരെ ഇരട്ടി വില വർദ്ധിച്ചതോടെ ഒരാഴ്ച അവധിയെടുത്ത് നാട്ടിലെത്തി വോട്ടും ചെയ്ത് വിഷുക്കണിയും കണ്ടുമടങ്ങാമെന്ന മറുനാടൻ മലയാളിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി.
ഇറാൻ – അമേരിക്ക സംഘർഷം മൂലം വിമാന ഇന്ധനമായ എ.ടി.എഫിന് വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണം. രാജ്യത്തെ നഗരങ്ങളില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്‌കൂള്‍ അവധിക്കാലത്ത് കുടുംബസമേതം എത്തുന്ന പ്രവാസികളാണ് കുടുങ്ങിയത്.
വിമാന ഇന്ധനത്തിന് ഒരു കിലോ ലിറ്ററിന് ഏകദേശം രണ്ട് ലക്ഷത്തോളം വില വർദ്ധിച്ചു. യുദ്ധമേഖലകളിലൂടെയോ സമീപത്ത് കൂടിയോ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇൻഷ്വറൻസ് കമ്പനികള്‍ ‘വാർ റിസ്‌ക് പ്രീമിയം’ എന്ന നിലയില്‍ വൻതുകയും ഈടാക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ എയർടിക്കറ്റ് നിരക്ക് വർദ്ധിച്ചത് മൂന്നിരട്ടിയോളമാണ്. ഗള്‍ഫിലെ പല വിമാനത്താവളങ്ങളും സുരക്ഷാ കാരണങ്ങളാല്‍ ഭാഗികമായി അടച്ചിടുകയോ സർവീസുകള്‍ കുറയ്ക്കുകയോ ചെയ്തു.
ഇതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചെങ്കിലും സർവീസ് കുറവായതിനാല്‍ വൻനിരക്കാണ് ഈടാക്കുന്നത്. ബഡ്ജറ്റിനും അപ്പുറം നാലംഗ കുടുംബത്തിന് രാജ്യത്തെ നഗരങ്ങളില്‍ നിന്നും നാട്ടിലെത്താൻ മുൻപ് 25,000 രൂപയോളം വരുമായിരുന്നു.
ഇതാണ് ഒറ്റയടിക്ക് അരലക്ഷമായി ഉയർന്നത്. ട്രെയിൻ യാത്രയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ ചെറിയ അവധിക്ക് വരുന്നവർക്ക് അനുയോജ്യമല്ല. ഇതിനിടെ ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ല. രാജ്യത്തിന് പുറത്ത് നിന്നാണെങ്കില്‍ നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ 50,000 രൂപ ചെലവായിരുന്നിടത്ത് ഇന്ന് ഒന്നര ലക്ഷമെങ്കിലും വേണം.



