കെസി വേണുഗോപാല്‍ വടിയെടുത്തു, അനുസരണയോടെ വഴങ്ങി ഡിജിസിഎ ; വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനം ഒരുങ്ങുന്നു

Spread the love

കോട്ടയം : വിമാന ടിക്കറ്റ് യാത്രാനിരക്ക് ഏകീകരണത്തിന് വഴിതെളിഞ്ഞത് കെസി വേണുഗോപാലിന്റെ കര്‍ശന നിലപാടിലൂടെ.

കെ സിയുടെ കാർക്കശ്യത്തിനു മുന്നിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. കെസി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ(പിഎസി) കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഡിജിസിഎ നിര്‍ബന്ധിതമായത്.

നിരവധി തവണ കെസി വേണുഗോപാല്‍ ചെയര്‍മാനായ പിഎസി ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തുക്കയും അമിത വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നൊക്കെ ഈ വിഷയം ഗൗരവത്തോടെ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാന്‍ ഡിജിസിഎ അധികാരം ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനം പിഎസി ആവര്‍ത്തിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ആശങ്കകളെ കുറിച്ചുള്ള ചര്‍ച്ചകളിലും വിമാന കമ്പനികളുടെ അമിത യാത്ര ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെസി വേണുഗോപാല്‍ ഉന്നയിച്ചു. ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് എന്തു സുരക്ഷയാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഎയെയും ഒരുക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

ലോക്‌സഭയിലും അദ്ദേഹം വിമാനകമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യോമയാന റെഗുലേറ്ററര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാത്ത നിലപാടിനെ കെസി വേണുഗോപാല്‍ കര്‍ശനമായി വിമര്‍ശിച്ചിരുന്നു.

കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് ടൂറിസം പാര്‍ലമെന്റ് കമ്മിറ്റിയില്‍ പങ്കെടുത്ത സമയത്തും കെസി വേണുഗോപാല്‍ ഈ ആവശ്യം ഉന്നിയിച്ചിരുന്നു.ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കെസി വേണുഗോപാല്‍ പാര്‍ലമെന്റ് കമ്മിറ്റിയിലും ഉന്നയിച്ചിരുന്നു.പ്രവാസി സമൂഹത്തിന് ആശ്വാസം എത്തിക്കാനുള്ള കെസി വേണുഗോപാലിന്റെ നിരന്തരമായ ഇടപെടലാണ് ഡിജിസിഎയുടെ നടപടിയിലൂടെ വിജയം കണ്ടത്.

ഡിജിസിഎയുടെ അധികാരപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കാന്‍ എന്താണ് തടസ്സമെന്ന് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ കെസി വേണുഗോപാല്‍ ഡിജിസിഎയോട് വിശദീകരണം ചോദിച്ചിരുന്നു.

കൃത്യമായ മറുപടി നല്‍കാതെ സാങ്കേതിക തടസ്സം ഉന്നയിച്ച് ഒഴികഴിവ് പറയുകമാത്രമായിരുന്നു ഡിജിസിഎ. രാജ്യത്തിന്റെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളെയും ആഭ്യന്തര വിമാനയാത്രികരെയും ബാധിക്കുന്ന വിഷയത്തില്‍ ഇനിയും അലംഭാവം തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും കെസി വേണുഗോപാലും സ്വീകരിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഡിജിസിഎ സന്നദ്ധത അറിയിച്ചത്.

ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.ഇതിനെല്ലാം പുറമെ യൂസേഴ്സ് ഫീസും സര്‍വീസ് ചാര്‍ജ്ജും ഉള്‍പ്പെടെ സാധാരണക്കാരായ യാത്രക്കാര്‍ ടിക്കറ്റ് നിരക്കിലൂടെ നല്‍കേണ്ട അവസ്ഥയാണ്. ഡിമാന്‍ഡ് അനുസരിച്ചാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ വിദേശത്ത് നിന്ന് നാട്ടിലേക്കെത്തുന്ന പ്രവാസികളുടെ പോക്കറ്റ് ചോരുന്ന ദുരവസ്ഥ പലപ്പോഴായി കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളില്‍ 70 ശതമാനത്തോളം പേരും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരാണ്. സാധാരണക്കാരായവര്‍ മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ഉത്സവ സീസണിലോ അവധിക്കാലത്തോ ആയിരിക്കും നാട്ടിലേക്കുള്ള യാത്ര.ഈ സമയത്ത് വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക് അവര്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അവരുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിമാന ടിക്കറ്റെടുക്കാന്‍ നഷ്ടമാകും. കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിലൂടെ പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാര നടപടിയുണ്ടാകുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ പോക്കറ്റ് കീറാതെ നാട്ടിലേക്ക് ഉറ്റവരുടെയടുത്ത് പറന്നിറങ്ങാമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍.