
കൊച്ചി : തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന 22കാരിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി.
അമ്പലപ്പുഴ കോമന മുല്ലക്കേരില്‍ വീട്ടില്‍ എം ദേവിക(22), തലശേരി ന്യൂമാഹി കുറിച്ചിയില്‍ വരശ്രീ വീട്ടില്‍ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിള്‍ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടില്‍ ദേവാ സതീഷ് (21) എന്നിവരെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വന്തം ആവശ്യത്തിനും വില്‍പനയ്ക്കുമായി ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 1.270 കിലോ കഞ്ചാവ്. മാസ്കിംഗ് ടേപ്പ് കൊണ്ട് ചുറ്റി വരിഞ്ഞ നിലയില്‍ രണ്ട് പാക്കറ്റുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹില്‍പാലസ് ഇൻസ്പെക്ടർ എം. റിജിൻ തോമസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെ.കെ. ബാലചന്ദ്രൻ, എം.ആർ. സന്തോഷ് കുമാർ, എഎസ്‌ഐ ഉമേഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, കെ.കെ. ശ്യാംലാല്‍, സിവില്‍ പൊലീസ് ഓഫീസർമാരായ സിജിത്ത്, ഷാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.




