ഒ.ടി.ടി സിനിമകളിൽ അഭിനയിക്കരുത് ; ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല : ഫഹദ് ഫാസിലിന് താക്കീതുമായി ഫിയോക്ക്
സ്വന്തം ലേഖകൻ
കൊച്ചി : നടൻ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ജോജി സിനിമാ പ്രക്ഷേകർ ഏറ്റെടുത്തതിന് പിന്നാലെ ഫഹദിന് വിലക്കുമായി തീയറ്റർ സംഘടന ഫിയോക്ക്. ഒടിടി സിനിമകളോട് സഹകരിച്ചാൽ ഫഹദിനെ വിലക്കിയേക്കുമെന്ന് സംഘടന വ്യക്തമാക്കി.
തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും അവയൊക്കെ പ്രേക്ഷകർ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഹദിന് ഫിയോക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റംസാൻ ചിത്രമായി ഫഹദ് ഫാസിലിന്റെ മാലിക് തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്.
പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം. ഫഹദ് ഫാസിലുമൊത്ത് നടൻ ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയായിരുനന്ു.
എന്നാൽ ഒടിടിയിൽ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാൻ പറ്റില്ലെന്നാണ് ഫഹദ് വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസങ്ങളിലായി ഫഹദിന്റെ ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ജോജിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ ഇരുളിനാകട്ടെ സമിശ്ര അഭിപ്രായമായിരുന്നു ലഭിച്ചത്.
അതേസമയം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നും സമിതി യോഗത്തിൽ തീരുമാനമായി.