play-sharp-fill
അഡ്‌ലെയ്ഡ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ: ആസ്‌ട്രേലിയയെ അട്ടിമറിച്ചത് 31 റണ്ണിന്; പരമ്പര നേട്ടം സ്വപ്‌നംകണ്ട് കോഹ്ലിപ്പട

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ: ആസ്‌ട്രേലിയയെ അട്ടിമറിച്ചത് 31 റണ്ണിന്; പരമ്പര നേട്ടം സ്വപ്‌നംകണ്ട് കോഹ്ലിപ്പട

സ്‌പോട്‌സ് ഡെസ്‌ക്

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിലെ ആദ്യ ടെസ്റ്റിൽ മിന്നുന്ന വിജയവുമായി കോഹ്ലിപ്പട. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസത്തെ രണ്ട് സെഷനുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മിന്നും വിജയം നേടിയത്. 2008 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം എന്ന ചരിത്ര മുഹൂർത്തമാണ് ഒരുങ്ങുന്നത്.
അഡ്‌ലെയ്ഡ് ഓവലിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റണ്ണിനാണ് ഇന്ത്യൻ വിജയം. ആദ്യ ഇന്നിംഗ്‌സിൽ തകർന്നടിഞ്ഞ ഇന്ത്യ ചേതേശ്വർ പൂജാര എന്ന വൻ മതിലിന്റെ സെഞ്ച്വറിയുടെ മികവിൽ 250 റണ്ണാണ് അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ സ്‌കോറിനെതിരെ സ്പിന്നിനെയും പേസിനെയും പിൻതുണയ്ക്കുന്ന പിച്ചിൽ ബാറ്റിംഗിനിറങ്ങിയ ഓസിസ് 15 റണ്ണകലെ പവലിയനിൽ മടങ്ങിയെത്തി. രണ്ടാം ഇന്നിംഗ്‌സിൽ കൂട്ടായി പരിശ്രമിച്ച ഇന്ത്യൻ ബാറ്റിംഗ് നിര തകർപ്പൻ പ്രകടനത്തോടെ 307 എന്ന പടുകൂറ്റൻ സ്‌കോറാണ് ഉയർത്തിയത്. 326 റണ്ണിന്റെ അതികഠിനമായ ടോട്ടലാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസീനിനു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഉയർത്തിയത്. സ്വന്തം നാട്ടിലെ പിച്ചിൽ, സ്വന്തം കാണികൾക്കു മുന്നിൽ പക്ഷേ, ഓസീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. വിജയത്തിന് 31 റണ്ണകലെ ഓസീസ് നിര ബാറ്റ് വച്ച് കീഴടങ്ങിയതോടെ വിജയം ഇന്ത്യൻ തൊപ്പിയണിഞ്ഞു. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറിയുടെ ഇന്ത്യൻ ഇന്നിംഗ്‌സിന് നങ്കൂരമിട്ട ചേതേശ്വർ പൂജാര തന്നെയാണ് മത്സരത്തിന്റെ താരം.
ആദ്യ ഇന്നിംഗ്‌സിൽ നാലിന് 41, അഞ്ചിന് 86 എന്ന നിലയിൽ തകർന്നടിഞ്ഞ ഇന്ത്യയെ ടോപ്പ് ഗിയറിലാക്കിയത് ചേതേശ്വർ പൂജാരയുടെ ഒറ്റയാൾ പ്രകടനമായിരുന്നു. വാലറ്റത്ത് ഋഷഭ് പന്തിനെയും (38 പന്തിൽ 25), ആർ.അശ്വിനെയും (76 പന്തിൽ 25) കൂട്ടു പിടിച്ചാണ് പൂജാര ഇന്ത്യയെ രക്ഷിച്ചത്. ഓസീസിനു വേണ്ടി ജോഷ് ഹെയ്‌സൽവുഡ് മൂന്നും, മിച്ചൽ സ്റ്റാർക്ക്, കുമ്മിൻസ് നഥാൻ ലയോൺ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസ് നിരയിൽ ടിഎം ഹെഡ് (167 പന്തിൽ 72) മാത്രമാണ് ഭേദപ്പെട്ട നിലയിൽ നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം ഇന്നിംഗ്‌സിൽ ആർ.അശ്വിനും ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും ഇഷാന്ത് ശർമ്മയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വർ പൂജാര (204 പന്തിൽ 71 ), അജിന്‌കേ രഹാന (147 പന്തിൽ 70) എന്നിവരാണ് തിളങ്ങിയത്. നഥാൻ ലയോൺ ആറും, മിച്ചൽ സ്റ്റാർക്ക് മൂന്നും, ജോഷ് ഹെയ്‌സൽ വുഡ് മൂന്നും വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സിൽ വിജയം തേടിയിറങ്ങിയ ഓസീസിനു വേണ്ടി ഷോൺ മാർഷും (166 പന്തിൽ 60), ടിഡി പെയിൻ (73 പന്തിൽ 41), നഥാൻ ലയോൺ (47 പന്തിൽ 38) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി ഓസീസിന്റെ നട്ടെല്ലൊടിച്ച ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമിയും, ആർ.അശ്വിനും, ബുമ്രയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇഷാന്ത് ശർമ്മയ്ക്കാണ് ഒരു വിക്കറ്റ്.