മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കാൻ പുനർഗേഹം പദ്ധതി ; 18,685 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മത്സ്യതൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിനായി 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റർ ചുറ്റളവിൽ കഴിയുന്ന 18,685 കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും നൽകും.
മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 998.61 കോടിയും രണ്ടാം ഘട്ടത്തിൽ 796.54 കോടിയും മൂന്നാം ഘട്ടത്തിൽ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. വേലിയേറ്റരേഖയുടെ 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള പദ്ധതിയുടെ ചെലവിൽ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിൻറെ ബജറ്റ് വിഹിതത്തിൽനിന്നുമാണ് കണ്ടെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
580 കിലോമീറ്ററോളം കടൽത്തീരമുള്ള കേരളാതീരത്തെ പല കടപ്പുറങ്ങളും നിരന്തര കടലാക്രമണ ഭീഷണി നേരിടുന്നവയാണ്. അതുകൊണ്ട് തന്നെ പ്രകടനപത്രികയിലെ പ്രധാന ഇനം ആയിരുന്നു മത്സ്യമേഖലയുടെ പുനരുദ്ധാരണവും അയ്യായിരം കോടിയുടെ തീരദേശ പാക്കേജും. കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന ഭീഷണി കൂടി കണക്കിലെടുത്ത് കൊണ്ട്, പ്രകടന പത്രികയിൽ വിഭാവനം ചെയ്യുന്നതിലധികം പദ്ധതികൾ മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായും മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായും നടപ്പിൽ വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൂർണമായും സംസ്ഥാന സർക്കാരായിരിക്കും പുനർഗേഹം പദ്ധതി ചെലവ് വഹിക്കുന്നത്. ഈ പദ്ധതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ കർശനമേൽനോട്ടത്തിലായിരിക്കും നടപ്പാക്കുക. കൂടാതെ ജില്ലാതലത്തിൽ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്താനാണ് തീരുമാനം.