ആറ്റിലേയ്ക്ക് മീൻ കുഞ്ഞുങ്ങളെ തള്ളുന്നതിന്റെ പേരിൽ വൻ തട്ടിപ്പ്: കണക്കിൽ തള്ളുന്നത് മൂന്നു ലക്ഷം കുഞ്ഞുങ്ങളെ; മുപ്പതിനായിരം പോലുമില്ലാതെ തട്ടിപ്പ്; ഫിഷറീസ് വകുപ്പിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടു വന്ന് യുവാവിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ
സ്വന്തം ലേഖകൻ
കോട്ടയം: ആറ്റിലേയ്ക്ക് മീൻ കുഞ്ഞുങ്ങളെ തള്ളുന്നതിന്റെ പേരിൽ ഫിഷറീസ് വകുപ്പിന്റെ വൻ തട്ടിപ്പ്. കോട്ടയം നഗരസഭയുമായി ചേർന്ന് മീനച്ചിലാറ്റിൽ ആലുമ്മൂട് കവലയിൽ മൂന്നു ലക്ഷം മീൻ കുഞ്ഞങ്ങളെ നിക്ഷേപിക്കുമെന്നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്ന ചൊവ്വാഴ്ച രാവിലെ അധികൃതർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇതിനു പിന്നിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്ന നിലപാടാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ രതീഷ് താഴത്തങ്ങാടി എന്ന യുവാവ് നടത്തിയത്. മൂന്നു ലക്ഷം കുഞ്ഞുങ്ങളെന്ന് പ്രഖ്യാപിച്ച പദ്ധതിയിൽ മുപ്പതിനായിരം കുഞ്ഞുങ്ങൾ പോലുമില്ലെന്ന് കവറുകൾ പരിശോധിച്ചതോടെ വ്യക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ താഴത്തങ്ങാടി ആലുമ്മൂട് കവലയിലെ കടവിലായിരുന്നു ഫിഷറീസ് വകുപ്പിന്റെ സോഷ്യൽ ഫിഷറീസ് പദ്ധതി പ്രകാരം പുഴകളിൽ മീനുകളെ നിക്ഷേപിക്കുന്ന പദ്ധതി ആരംഭിച്ചത്. കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ നേതൃത്വത്തിലാണ് ഫിഷറീസ് വകുപ്പ് , നഗരസഭ അധികൃതർ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ എത്തിയത്.
മുന്നൂറ് കവറുകളിലായി മൂന്നു ലക്ഷം കുഞ്ഞുങ്ങളെ ആറ്റിൽ നിക്ഷേപിക്കുന്നതിനായി എത്തിച്ചെന്നായിരുന്നു ഇവർ അറിയിച്ചിരുന്നത്. പദ്ധതിയുടെ സ്ഥലത്ത് എത്തിയ രതീഷ് താഴത്തങ്ങാടി തന്റെ ഫെയ്‌സ്ബുക്കിൽ നിക്ഷേപിക്കാൻ എത്തിയ മീൻ കുഞ്ഞുങ്ങളുടെ വീഡിയോ എടുത്തു. തുടർന്ന് മീൻ കുഞ്ഞുങ്ങളുടെ എണ്ണവും, വിശദാംശങ്ങളും ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
300 കവറുകളിലായി മൂന്നു ലക്ഷം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കണമെങ്കിൽ ഒരു കവറിൽ ആയിരം കുഞ്ഞുങ്ങൾ വേണം. ഇതു സംബന്ധിച്ചു എണ്ണിത്തിട്ടപ്പെടുത്തണമെന്നായിരുന്നു രതീഷിന്റെ ആവശ്യം. മൂന്നു ലക്ഷം കുഞ്ഞുങ്ങൾ ഉണ്ടെന്ന് ഫിഷറീസ് വകുപ്പും നഗരസഭയും അവകാശപ്പെട്ടു. എന്നാൽ, നൂറിൽ താഴെ കുഞ്ഞുങ്ങൾ മാത്രമാണ് ഓരോ കവറിലും ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്ന്ത്.
സർക്കാരിന്റെ പദ്ധതിയുടെ പേരിൽ വൻ തട്ടിപ്പാണ് ഇതിനു പിന്നിൽ നടക്കുന്നതെന്നും, ബന്ധപ്പെട്ട ഓഫിസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി രേഖകൾ വാങ്ങിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും രതീഷ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
രതീഷിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഇവിടെ കാണാം
https://www.facebook.com/ratheesh.thazhathangady.7/videos/1109039425951898/