മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം; ഉടൻ ഫിഷറീസ് ഓഫീസിൽ അറിയിച്ചു; പാഞ്ഞെത്തി ആശുപത്രിയിൽ എത്തിച്ച് റെസ്ക്യൂ സേന

Spread the love

തിരുവനന്തപുരം: മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. അടിമലതുറയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ അടിമലതുറ സ്വദേശി ദാസൻ എന്ന വ്യക്തിക്കാണ് ഇന്നലെ വൈകുന്നേരം നാലോടെ കടൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വിവരം വിഴിഞ്ഞം ഫിഷറീസ് ഓഫീസിൽ അറിയിക്കുകയും ഉടൻ തന്നെ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്‌ടർ രാജേഷിന്‍റെ നിർദേശപ്രകാരം ഫിഷറീസ്‌ ഡിപ്പാർട്ട്‌മെന്‍റ് റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ അഖിൽ, ഷൈജു, എന്നിവർ ചേർന്ന് സുഖമില്ലാത്തയാളെ മുതലപ്പൊഴിയിൽ വാർഫിൽ എത്തിച്ചു. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടുകൂടി ആംബുലൻസ് എത്തിച്ച് ഉടൻ തന്നെ ദാസനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദാസൻ ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.