
കോട്ടയം: നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷനിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയ്ക്ക് (കുഫോസ്) എ ഗ്രേഡ് ലഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുണനിലവാരമുളള വിദ്യാഭ്യാസത്തോടും ഗവേഷണത്തോടും വിജ്ഞാന വ്യാപനത്തോടുമുളള സ്ഥാപനത്തിന്റെ സമീപനത്തിനുള്ള അംഗീകാരമാണിത്.
കുഫോസിന്റെ അക്കാദമിക് യാത്രയിൽ ഈ അംഗീകാരം പ്രധാന ചുവടുവെയ്പ്പാകും. ഈ നേട്ടത്തിനു പിന്നാലെ കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 20 ലക്ഷം രൂപ കുഫോസിനു ലഭിച്ചതായും സെക്രട്ടറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ഇന്നത്തെ ആഗോള തൊഴിൽ മേഖല ആവശ്യപ്പെടുന്ന വൈവിധ്യമാർന്ന അക്കാദമിക് പാഠ്യപദ്ധതികളിലാണ് കുഫോസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐസർ, യുജിസി, എഐസിടിഇ എന്നിവയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക സ്പെഷ്യലൈസ്ഡ് സർവ്വകലാശാല കൂടിയാണ് കുഫോസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാക് എഗ്രേഡ് ലഭിച്ചതോടെ പിഎം-ഉഷ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തമാകുന്ന ഒരു ബ്രാൻഡിംഗ് കെട്ടിപ്പടുക്കുന്നതിനാണ് കുഫോസ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുഫോസ് ഇനി അടിസ്ഥാന സൗകര്യ വികസനം, അതിന്റെ പരിപാടികളുടെ വൈവിധ്യവൽക്കരണം, സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിലേക്കുളള അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കൽ, മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിലും നവീകരണത്തിനുമുളള ഒരു നോഡൽ കേന്ദ്രമായി അതിനെ മാറ്റൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇൻകുബേഷൻ സെന്ററുകൾ, സ്റ്റാർട്ടപ്പ് മെന്റ്റിംഗ്, ഐപി സംരക്ഷണം എന്നിവയിലൂടെ പ്രത്യേകിച്ച് മറൈൻ ബയോടെക്നോളജി, അക്വാകൾച്ചർ, ഭക്ഷ്യസംസ്കരണം, കാലാവസ്ഥാവ്യതിയാനം എന്നിവ ഉൾപ്പെടുത്തികൊണ്ട് ഇന്നോവേഷൻ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വേമ്പനാട് കായൽ ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിലും അതുവഴി ഈ അമൂല്യ ജലാശയത്തിന്റെ മത്സ്യബന്ധന സാധ്യതയിലും കുഫോസ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും കേരള സർക്കാരിന് സമർപ്പിക്കുവാനും സർവ്വകലാശാലയ്ക്ക് സാധിച്ചു. അതുപോലെതന്നെ ‘ഗ്രാമ ദത്തെടുക്കൽ’ പരിപാടി, ‘കരിമീൻ ഗ്രാമം’, കോവിഡ് മഹാമാരിയുടെ സമയത്ത് ബയോഫ്ളോക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലില്ലാത്ത പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ നിരവധി പദ്ധതികൾക്ക് കുഫോസ് നേതൃത്വം നൽകുന്നുണ്ട്.