മീൻ മാർക്കറ്റിനു പിന്നാലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലും കൊവിഡ്: രോഗം സ്ഥിരീകരിച്ചത് ഏറ്റുമാനൂർ സ്വദേശിയായ ഡ്രൈവർക്ക്; വിലക്ക് ലംഘിച്ച് മീൻമാർക്കറ്റിൽ കയറാൻ ശ്രമിച്ച ഐ.എൻ.ടി.യു.സി വിഭാഗം തൊഴിലാളികൾക്ക് എതിരെ കേസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്കു പിന്നാലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ ഒരാൾക്കു കൂടി കൊവിഡ്. തിങ്കളാഴ്ച രാവിലെ പച്ചക്കറി മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കിടങ്ങൂരിലെ കടയിലേയ്ക്കു പച്ചക്കറി കൊണ്ടു പോകുന്നതിനായി എത്തിയതായിരുന്നു ലോറി ഡ്രൈവർ. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്.

എന്നാൽ, ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു ഇനിയും സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂർ മാർക്കറ്റിൽ എത്തിയ 28 പേരെ ആന്റിജൻ പരിശോധനയ്ക്കു വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ലോറി ഡ്രൈവർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ കടുത്ത ആശങ്കയാണ് പച്ചക്കറി മാർക്കറ്റിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആഴ്ചയിൽ ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് കിടങ്ങൂരിലേയ്ക്കു പോകാൻ എത്തിയ ലോറി ഡ്രൈവർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം അടച്ച ഏറ്റുമാനൂർ മീൻ മാർക്കറ്റിൽ ഐ.എൻ.ടി.യു.സിയിലെ ഒരു വിഭാഗം തൊഴിലാളികൾ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന മീൻ മാർക്കറ്റ് രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചു പൂട്ടിയത്. ഇതേ തുടർന്നാണ് ഐ.എൻ.ടി.യു.സിയിലെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി എത്തിയത്. തുടർന്നു ഇവരെ പൊലീസ് എത്തി നീക്കം ചെയ്യാൻ ശ്രമിച്ചു.

ഇതിനിടെ, തൊഴിലാളികളിൽ ഒരാൾ ഓടി മാർക്കറ്റിനുള്ളിലെ യൂണിയൻ ഓഫിസിനുള്ളിൽ കയറി ഒളിച്ചിരുന്നു. ഓടിയെത്തിയ പൊലീസും നഗരസഭ ജീവനക്കാരും ചേർന്നു ഇയാളെ പിടികൂടി. ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അടച്ചു പൂട്ടിയ മാർക്കറ്റിൽ നിയമം ലംഘിച്ച് അകത്തു കയറിയതിനു ഇയാൾക്കെതിരെയും ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾക്കെതിരെയും പൊലീസ് കേസെടുത്തു.