play-sharp-fill
ആദ്യ വിവാഹത്തിൽ നിന്നും ഏൽക്കേണ്ടി വന്നത് ക്രൂര പീഡനം: ബന്ധം ഒഴിയാൻ തയ്യാറായിട്ടും ഒഴിഞ്ഞു മാറാതെ ആദ്യ ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്താതെ തന്നെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച ആദ്യ ഭർത്താവിനെതിരെ പരാതി; സംഭവം ചെങ്ങളത്ത്

ആദ്യ വിവാഹത്തിൽ നിന്നും ഏൽക്കേണ്ടി വന്നത് ക്രൂര പീഡനം: ബന്ധം ഒഴിയാൻ തയ്യാറായിട്ടും ഒഴിഞ്ഞു മാറാതെ ആദ്യ ഭർത്താവ്; വിവാഹ ബന്ധം വേർപ്പെടുത്താതെ തന്നെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച ആദ്യ ഭർത്താവിനെതിരെ പരാതി; സംഭവം ചെങ്ങളത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആദ്യ വിവാഹത്തിൽ നിന്നും ഏൽക്കേണ്ടി വന്നത് ക്രൂര പീഡനം. ഒടുവിൽ, പീഡനം സഹിക്കവയ്യാതെ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി വീട് വിട്ടു പോന്നു. ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷം ഏഴു വർഷത്തിന് ശേഷം ആദ്യ വിവാഹ ബന്ധത്തിൽ നിന്നും നിയമപരമായി മോചനം നേടാതെ തന്നെ ഈ യുവതി മറ്റൊരു ബന്ധത്തിനു തയ്യാറായി. ഇതിനിടെയാണ്, യുവതിയുടെ ആദ്യ ഭർത്താവ് സോഷ്യൽ മീഡിയ വഴി യുവതിയെയും രണ്ടാം ഭർത്താവിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണവും തുടങ്ങി.


2011 ലായിരുന്നു പരാതിയ്ക്കു ആസ്പദമായ സംഭവങ്ങളുടെ തുടക്കം. വേളൂർ സ്വദേശിയായ യുവതിയെ ചെങ്ങളം സ്വദേശിയായ യുവാവ് വിവാഹം കഴിക്കുകയായിരുന്നു. തുടർന്നു ക്രൂരമായ മർദനമാണ് തനിക്ക് ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നു യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 2011 മുതൽ 2013 വരെ യുവതി ആദ്യ ഭർത്താവിനൊപ്പം താമസിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതോടെ 2013 ൽ യുവതി ഇയാളെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. തുടർന്നു ബന്ധുക്കൾ ഇടപെട്ട് വീടിനു സമീപത്തു തന്നെ വാടക വീടെടുത്ത് താമസ സൗകര്യം ഒരുക്കി നൽകി. എന്നാൽ, ഇവിടെയും മർദനവും ക്രൂരതയും തുടർന്നു. ഈ വാടകവീട്ടിൽ വച്ചുണ്ടായ ആക്രമണത്തിൽ യുവതിയുടെ താടിയെല്ലു തകരുകയും, കൃത്രിമമായി താടിയെല്ല് വച്ചു പിടിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു.

തുടർന്നു കുമരകം പൊലീസ് ഇടപെട്ട് നടത്തിയ നീക്കത്തിനൊടുവിൽ ഇവരുടെ ആദ്യ ഭർത്താവിനെ കൗൺസിലിംങിനു വിധേയനാക്കി. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമാണ് എന്നു കൗൺസിലിംങിൽ കൂടി വ്യക്തമായതോടെ യുവതി ബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു യുവതി പൂർണമായും ബന്ധം ഉപേക്ഷിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ആളുമായുള്ള വിവാഹ ബന്ധത്തിന് നിയമ സാധുതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയുമില്ല.

രണ്ടു വർഷം മുൻപ് യുവതി മറ്റൊരാളുമായി വിവാഹം ആലോചിക്കുകയും ഇപ്പോൾ ഇയാൾക്കൊപ്പം ഒന്നിച്ച് താമസിക്കുകയുമാണ്. ഇതിനിടെ മടങ്ങിയെത്തിയ ആദ്യ ഭർത്താവാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ യുവതിയ്‌ക്കെതിരെ അപകീർത്തികരമായ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പൊലീസ് മേധാവിയ്ക്കു ഇവർ പരാതിയും നൽകിയിട്ടുണ്ട്. ഇത് അന്വേഷിക്കുന്നതായി കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കു കൈമാറി.