പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം : ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ച് 154 പേര്‍ക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്ന നേരത്തായിരുന്നു അപകടം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നില്‍ തന്നെ പടക്കം പൊട്ടിക്കാന്‍ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്. മുപ്പതിനായിരം രൂപയുടെ ചൈനീസ് പടക്കങ്ങള്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂ എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം.