ചിന്നക്കനാലിൽ വീടിനുമുന്നിലെത്തിയ കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; മധ്യവയസ്‌കന് ഗുരുതരപരിക്ക്

Spread the love

ഇടുക്കി: വീട്ടു പടിക്കലെത്തിയ കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ മധ്യവയസ്‌കന് ഗുരുതരപരിക്ക്.

ചിന്നക്കനാല്‍ 301 കോളനിയിലാണ് സംഭവം. മറയൂര്‍കൂടി സ്വദേശി ആരോഗ്യരാജിന്റെ (51) വലതുകൈക്കാണ് പരിക്കേറ്റത്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കാട്ടാനക്കൂട്ടം വീടിനുമുന്നിലെത്തിയപ്പോള്‍ ആരോഗ്യരാജ് മണ്ണെണ്ണവിളക്കും പടക്കവുമായി പുറത്തിറങ്ങി. വീടിന്റെ തിണ്ണയില്‍ നിന്ന് പടക്കം കത്തിച്ച്‌ എറിയാന്‍ ശ്രമിക്കുമ്പോള്‍ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. കൈയിലെ ഒരു ഞരമ്പ് മുറിഞ്ഞതുകൊണ്ട് നില ഗുരുതരാവസ്ഥയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ നില വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഭാര്യ രാജമ്മയും മകള്‍ രമ്യയും അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. അതേസമയം, പരിക്കേറ്റ ആരോഗ്യരാജിനെ ആര്‍ആര്‍ടി യൂണിറ്റിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.