video
play-sharp-fill
മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം ; വെളിച്ചകുറവ് മൂലം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ

മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം ; വെളിച്ചകുറവ് മൂലം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ

 

സ്വന്തം ലേഖകൻ

കോഴിക്കോട് : മറ്റൊരു ബൈക്കിൽ നിന്‌നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം. വെളിച്ചകുറവ് കാരണം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ. ലൈറ്റർ തെളിയിക്കുന്നതിനിടെയാണ് സ്‌കൂട്ടറിൽ തീ പിടിച്ചത്.

സംഭവം പുറത്തറിയാതിരിക്കാൻ യുവാക്കൾ പതിനെട്ടടവും പയറ്റിയെങ്കിലും തീയണയ്ക്കാനായില്ല. യാദൃശ്ചികമായി അതുവഴി വന്ന യാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുകയും മോഷണത്തിന്റെയും കഞ്ചാവിന്റെയും ചുരുളഴിയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന കൺട്രോൾ റൂം പാർട്ടിയാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. ഇതോടെയാണ് യുവാക്കളുടെ വീരകഥ പുറത്തറിയുന്നത്. ചേളന്നൂർ സ്വദേശികളായ ആറു സുഹൃത്തുക്കൾ രാത്രിയിൽ പുതുവത്സരാഘോഷത്തിനായി കണ്ണാടിക്കലിൽ ഉത്സവത്തിനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.

ഇതിനിടെ യുവാക്കളിൽ ചിലർക്ക് കഞ്ചാവ് ലഭിച്ചു. കഞ്ചാവ് വലിച്ച് ലഹരി മൂത്തതോടെ യുവാക്കൾ കണ്ണാടിക്കൽ ഉത്സവസ്ഥലത്ത് നിന്ന് തലയാടിനടുത്ത വയലടയിലേക്ക് രണ്ടു ബൈക്കുകളിൽ യാത്രക്കൊരുങ്ങി. അതിനിടെ സ്‌കൂട്ടറിൽ പെട്രോളില്ലെന്ന സംശയം ബലപ്പെട്ടു.

ഇതിന് പട്രോൾ പമ്പിൽ പോയി സമയം കളയാൻ തയാറാവാത്ത യുവാക്കൾ തൊട്ടടുത്തുള്ള സുബ്രഹ്മണ്യംക്ഷേത്രം റോഡിലേക്ക് വണ്ടി തള്ളിനീക്കി. റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം സ്‌കൂട്ടറിൽ ഒഴിക്കാൻ തുടങ്ങി. പെട്രോൾ ടാങ്കിന്റെ ക്യാപ്പ് അഴിച്ചപ്പോൾ വെളിച്ചകുറവ് തോന്നിയ യുവാക്കൾ കൈയിലുള്ള പെട്രോൾ ഒരു തുള്ളിപോലും നഷ്ടപ്പെടരുതെന്ന് കരുതി ലൈറ്ററുരച്ച് ഒഴിക്കാൻ തുടങ്ങി. ലൈറ്ററിൽ നിന്നും തീപടരുകയും സ്‌കൂട്ടർ ആളിക്കത്തുകയുമായിരുന്നു.

തീയണയ്ക്കനാവാതെ യുവാക്കൾ പരിഭ്രാന്തരായി. ഇതിനിടെയാണ് അതുവഴിവന്ന ബാലുശേരി സ്വദേശി സംഭവം കാണാനിടയായത്. ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴും സ്‌കൂട്ടർ കത്തുകയായിരുന്നു. ഞങ്ങൾ പൊലീസിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ യുവാക്കൾ പോലീസിനെ തിരിച്ചയയ്ക്കാനുള്ള ശ്രമം നടത്തി. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ മറ്റു ബൈക്കിലുള്ള മൂവർ സംഘം മുങ്ങിയിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മൂവരോടും കാര്യങ്ങൾ ചോദിച്ചപ്പോൾ പെട്രോൾ ഒഴിക്കുന്നതിനിടെ തീപടർന്നുവെന്നറിയിച്ചു. പെട്രോൾ എവിടെ നിന്ന് ലഭിച്ചെന്ന് ചോദിച്ചപ്പോൾ മൂവർക്കും വ്യത്യസ്ത മറുപടിയായിരുന്നു. ഇതോടെ പോലീസിന് സംശയം തോന്നി.

വിശദമായി ചോദിക്കാൻ തുടങ്ങിയതോടെ ഉത്സവം കാണാനെത്തിയതും കഞ്ചാവ് ഉപയോഗിച്ചതും പെട്രോൾ മോഷ്ടിച്ചതുമെല്ലാം തുറന്നുപറയുകയായിരുന്നു. മൂവരേയും കൺട്രോൾ റൂം പോലീസ് ചേവായൂർ പോലീസിലേൽപ്പിച്ചു. രക്ഷിതാക്കളെ വിളിച്ചവരുത്തി ഇവർക്കൊപ്പം യുവാക്കളെ വിട്ടയച്ചു. അതേസമയം കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌