വീടിന് തീ വച്ചു; ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുംബത്തിന് നേരെ ആസിഡ് ഒഴിച്ചു; അതിക്രൂരത നിർധനയും നിരാലംബരുമായ കുടുംബത്തിന് നേരെ; ആസിഡ് വീണ് കണ്ണ് തുറക്കാൻ പോലുമാവാതെ കഴിയുന്നത് നാല് കുരുന്നുകൾ

വീടിന് തീ വച്ചു; ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുംബത്തിന് നേരെ ആസിഡ് ഒഴിച്ചു; അതിക്രൂരത നിർധനയും നിരാലംബരുമായ കുടുംബത്തിന് നേരെ; ആസിഡ് വീണ് കണ്ണ് തുറക്കാൻ പോലുമാവാതെ കഴിയുന്നത് നാല് കുരുന്നുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലായിരുന്നു സ്മിതയും കുരുന്നുകളും. സ്‌നേഹനിധിയായ ആളുകളുടെ സഹായത്തിൽ പാമ്പാക്കൂടയിൽ വീട് നിർമ്മിച്ച് ജീവിതത്തിന്റെ തുരുത്തിൽ പച്ചപിടിച്ച് കയറാനുള്ള പരിശ്രമത്തിലായിരുന്നു അവർ. ഇതിനിടെയാണ് സാമൂഹ്യ വിരുദ്ധ സംഘം ഈ കുടുംബത്തെ പിൻ തുടർന്ന ആക്രമിച്ചത്. രാത്രിയിൽ ആരുമില്ലാത്തപ്പോൾ എത്തി വീടിന് തീയിട്ട സംഘം, കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിന്റെ തലയിലേയ്ക്ക് ആസിഡും കോരിയൊഴിച്ചു. ഭർത്താവ് ഉപേക്ഷിച്ച്, നാല് കുരുന്ന് കുട്ടികളുമായി കഴിയുന്ന പിറവം പാമ്പാക്കൂട്ട സ്വദേശി സ്മിതയും കുട്ടികളും ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാക്കുട നെയ്ത്തുശാലപ്പടിയിലെ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് ഭർത്താവ് ഉപേക്ഷിച്ചു പോയ സ്മിതയും നാല് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. സ്മിതയുടെയും കുടുംബത്തിന്റെയും ദുരിതം തിരിച്ചറിഞ്ഞ് രാമമംഗലം പൊലീസിന്റെ സഹായത്തോടെ പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ട ജോലികൾ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ വീടിനു നേരെ ആദ്യ ആക്രമണമുണ്ടാകുന്നത്. ഇവർ താമസിച്ചിരുന്ന ഒറ്റ മുറി വീടിന്റെ ജനാല തകർത്ത അക്രമി സംഘം വീടിനുള്ളിലേയ്ക്ക് തീപ്പന്തം വലിച്ചെറിയുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം വീടിനുള്ളിലേയ്ക്ക് എറിഞ്ഞ തീപ്പന്തത്തെ തുടർന്ന് വീടിനുൾ വശം പൂർണമായും കത്തിക്കരിഞ്ഞു. തന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പുരോഗതി മനസിലാക്കുന്നതിനു വേണ്ടി ഈ സമയം പോയിരിക്കുകയായിരുന്നു സ്മിത. സ്മിത തിരികെ എത്തിയപ്പോഴാണ് വീട് കത്തിയെരിയുന്നത് കണ്ടത്. തുടർന്ന് സ്മിത ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കുട്ടികൾ എല്ലാവരും സ്‌കൂളിൽ പോയ സമയത്താണ് സാമൂഹ്യ വിരുദ്ധ സംഘം വീടിനു നേരെ ആക്രമണം നടത്തിയത്.
സ്മിതയുടെ മൂത്ത മകൻ നെവിൻ ഒമ്പതാം ക്ലാസിൽ രാമമംഗലം ഹൈസ്‌കൂളിലും ഇളയ പെൺകുട്ടികളായ സ്മിജ, സ്മിന, സ്മിനു എന്നിവർ യഥാക്രമം 7, 6, നഴ്‌സറി ക്ലാസുകളിൽ എം.ടി.എം സ്‌കൂളിലും ആണ് പഠിക്കുന്നത്. തീ അണച്ച ശേഷം വീടിനുള്ളിലെ വെള്ളം കോരിക്കളഞ്ഞ ശേഷം തറയിൽ പുതപ്പ് വിരിച്ചാണ് പാവം കുടുംബം ഒറ്റ മുറി വീട്ടിൽ രാത്രിയിൽ കിടന്നുറങ്ങിയത്. രാത്രി മൂന്നു മണിയോടെയാണ് വീടിനു നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ജനലിലൂടെ എന്തോ വെള്ളം എല്ലാവരുടെയും ശരീരത്തിലേയ്ക്ക് വീണു. ഞെട്ടിയുണർന്നോ നോക്കിയപ്പോഴാണ് ആസിഡാണ് ശരീരത്തിൽ വീണതെന്ന് കണ്ടെത്തിയത്. അപ്പോഴേയ്ക്കും കുടുംബത്തിലെ എല്ലാവർക്കും ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തിരുന്നു.
മൂത്ത കുട്ടിയുടെ കണ്ണ് തുറക്കുക പോലും ചെയ്യാൻ സാധിക്കാത്ത നിലയിലാണ് പൊള്ളലേറ്റത്. അതീവ ഗുരുതരമായ രീതിയിൽ പൊള്ളേേലറ്റ ഇവർ നിലവിളിച്ച് കൊണ്ടു തലങ്ങും വിലങ്ങും ഓടി. ഇതിനിടെ വിവരം അറിഞ്ഞ് രാമമംഗലം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും പഞ്ചായത്തംഗവും സംഭവസ്ഥലത്തെത്തി. പൊലീസ് ജീപ്പിൽ തന്നെ സ്മിതയെയും കുട്ടികളെയും പിറവം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ആമ്പുലൻസിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ കണ്ണ് പരിശോധനാ വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കാഴ്ച ശക്തിയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് നിർദേശിക്കുകയായിരുന്നു.
കുട്ടിയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്.പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എൻ.സി.സി ഓഫീസറായ പി.പി ബാബുവും പിറവം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറവും ഹോസ്പിറ്റലിൽ എത്തി കുടുംബത്തെ സന്ദർശിക്കുകയും വിവരങ്ങൾ തിരക്കുകയും ചെയ്തു. രാമമംഗലം എസ് ഐ എബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയ്ക്കായി അന്വേഷണം ഊർജിതപ്പെടുത്തി.