
തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ പ്ലാസ്റ്റിക് പൂക്കൾ നിർമ്മാണ കമ്പനിയിലെ ഗോഡൗണിൽ വൻ തീ പിടുത്തം. കാരുമാത്രയിലെ ഗോഡൗണിലാണ് ഇന്നലെ വൈകീട്ട് ആറോടെ തീപിടിത്തമുണ്ടായത്. ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂര് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്.
വലിയ തോതിൽ പ്ലാസ്റ്റിക് കത്തിയതിനാൽ സമീപത്ത് താമസിക്കുന്നവര്ക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായി. വിദേശ രാജ്യങ്ങളില്നിന്നും ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാരപ്പൂക്കളും മറ്റും നിര്മിക്കുന്ന യൂണിറ്റിന്റെ ഗോഡൗണാണിത്. മച്ചിങ്ങത്ത് ഷൈജു, വാത്യാട്ട് ധനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് വൻ തീപിടുത്തമുണ്ടായത്. തീ എങ്ങനെ പടർന്നു എന്നത് വ്യക്തമല്ല.



