വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; പരാതി നല്‍കിയിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൂട്ടാക്കിയില്ല ; കരാറുകാരന് 73,000/ രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; കേരള പിറവി ദിനത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത് മലയാളത്തില്‍
സ്വന്തം ലേഖകൻ
കൊച്ചി: കരാര്‍ ഏറ്റെടുത്തതിനു ശേഷം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാതിരുന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളം, കൂവപ്പാടം സ്വദേശി രാജേശ്വരി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാന്‍ ആയി എറണാകുളം സ്വദേശിയായ കെന്നി ഫര്‍ണാണ്ടസിനെ സമീപിച്ചു. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എതിര്‍കക്ഷി തയ്യാറാക്കി. 1.10 ലക്ഷം രൂപ പരാതിക്കാരി നിര്‍മ്മാണത്തിനായി എതിര്‍കക്ഷിക്ക് നല്‍കുകയും ചെയ്യുന്നു.എന്നാല്‍ വീടിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് എതിര്‍കക്ഷി കടന്നുകളഞ്ഞു എന്നാണ് പരാതിക്കാരി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്രാവശ്യം ഫോണ്‍ ചെയ്തിട്ടും പോലീസില്‍ പരാതി നല്‍കിയിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എതിര്‍കക്ഷി കൂട്ടാക്കിയില്ല. തുടര്‍ന്ന് വനിതാ കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ 35 ,000 രൂപ എതിര്‍കക്ഷി പലതവണകളായി തിരികെ നല്‍കി. ബാക്കി ലഭിക്കേണ്ട 65,000 രൂപ എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കി നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
‘അധാര്‍മികമായ വ്യാപാര രീതിയും സേവനത്തില്‍ ന്യൂനതയും എതിര്‍ കക്ഷിയുടെ ഭാഗത്തു കണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരി അനുഭവിച്ച മന:ക്ലേശത്തിനും ബുദ്ധിമുട്ടുകള്‍ക്കും എതിര്‍ക്ഷി ഉത്തരവാദിയാണെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാര്‍ക്ക് ബാക്കി നല്‍കാനുള്ള 65000 രൂപ 5,000 രൂപ നഷ്ടപരിഹാരം, 3000 രൂപ , കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം എതിര്‍കക്ഷി പരാതികാരിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി.
അതേസമയം, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ ഉത്തരവുകള്‍ പരമാവധി മലയാളത്തില്‍ പുറപ്പെടുവിക്കുന്നത് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാവുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ തുടര്‍ച്ചയായി കേരള പിറവി ദിനത്തില്‍ മലയാളത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.