
അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ വൻ സാമ്പത്തിക ക്രമക്കേട് ; ലക്ഷങ്ങളുടെ തിരിമറി നടന്നത് ബാങ്ക് ലിങ്കേജ് ലോണ്‍ വിതരണത്തിൽ ; 20 ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ ലോണ്‍ ലഭിച്ചതെന്ന് അംഗങ്ങളെ തെറ്റിധരിപ്പിച്ച് കൂടുതല്‍ തുക അടവായി കൈപ്പറ്റി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുടുംബശ്രീ സെക്രട്ടറി നടത്തിയത് ഗുരുതരമായ ക്രമക്കേടെന്ന് യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ വൻ സാമ്പത്തിക ക്രമക്കേട്. പഞ്ചായത്ത് മൂന്നാം വാർഡിലെ സൗപർണിക കുടുംബശ്രീയിലെ ബാങ്ക് ലിങ്കേജ് ലോണ്‍ വിതരണത്തിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്.
മൂന്നാം വാർഡ് സിഡിഎസ് അംഗവും സൗപർണിക കുടുംബശ്രീ സെക്രട്ടറിയുമായ ശ്രീവിജയ പുഷ്പകുമാറിനെതിരേയാണ് ആക്ഷേപം ഉയർന്നത്. അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പ നല്‍കുന്നതിന് ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് 2024ഏപ്രില്‍ 13ന് 20 ലക്ഷം രൂപ ലോണെടുത്ത ശേഷം 15 ലക്ഷം രൂപയാണ് ലോണ്‍ ലഭിച്ചതെന്ന് അംഗങ്ങളെ തെറ്റിധരിപ്പിക്കുകയും അഞ്ചു ലക്ഷം രൂപയുടെ തിരിമറി നടത്തുകയും ചെയ്തതായാണ് ആക്ഷേപം. അംഗങ്ങള്‍ 20 ലക്ഷം രൂപയുടെ പ്രതിമാസ ഗഡു തിരിച്ചടച്ചു വരികയായിരുന്നു.
അഞ്ചു വർഷ കാലാവധിയുള്ള ലോണ്‍ മൂന്നു വർഷമാണ് കാലാവധിയെന്ന് പറഞ്ഞ് അംഗങ്ങളില്‍നിന്നു കൂടുതല്‍ തുക അടവായി കൈപ്പറ്റി. സ്വന്തം കുടുംബശ്രീയില്‍ പങ്കെടുക്കാത്ത മകള്‍ ഉൾപ്പെടെയുള്ളവർക്കും ഇവർ ഫണ്ട് വീതം വച്ച് നല്‍കിയെന്നും ആക്ഷേപമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക വർഷാവസാനമായതോടെ പ്രസിഡന്‍റും മറ്റ് അംഗങ്ങളും ബാങ്ക് പാസ്ബുക്ക് പലതവണ ആവശ്യപ്പെട്ടിട്ടും പാസ്ബുക്ക് നല്‍കാൻ സെക്രട്ടറി തയാറാകാതെ വന്നതോടെയാണ് സംശയമുയർന്നത്. ബാങ്ക് ശാഖയില്‍നിന്ന് സ്റ്റേറ്റ്മെന്‍റ് എടുത്തപ്പോഴാണ് 20 ലക്ഷം രൂപ ലോണ്‍ എടുത്തായി അറിയുന്നത്. എഡിഎസിലും പിന്നീട് കുടുംബശ്രീ ചെയർപേഴ്സണും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 25ന് കുടുംബശ്രീ ജില്ലാമിഷന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അംഗങ്ങള്‍ പറയുന്നു.
സൗപർണിക കുടുംബശ്രീയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണ്‍ ഷബീന നിസാർ. കുടുംബശ്രീ അംഗങ്ങളുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തി. അംഗങ്ങളുടെ സാന്നിധ്യത്തില്‍ കൂടുതലായി എടുത്ത പണം തിരികെ അടപ്പിച്ച് പ്രശ്‌നം പരിഹരിച്ചു. ആരോപണ വിധേയയായ സെക്രട്ടറിയെ തത്‌സ്ഥാനത്തുനിന്നു മാറ്റിയിട്ടുണ്ടെന്നും സിഡിഎസ് ചെയർപേഴ്സണ്‍ പറഞ്ഞു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുടുംബശ്രീ സെക്രട്ടറി കുടുംബശ്രീയില്‍ നടത്തിയത് ഗുരുതരമായ ക്രമക്കേടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കേസ് ഒതുക്കിത്തീർത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റമായതിനാല്‍ പോലീസ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.