
സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ, തെന്നാര പോട്ട വീട്ടിൽ, സി.കെ. നിജാസിനെയാണ് (25) സുൽത്താൻ ബത്തേരി പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.
കേസിൽ ഉള്‍പ്പെട്ടതിന് ശേഷം വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് ബംഗളുരു വിമാനത്താവളം വഴി തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിനിടെയാണ് നിജാസ് പിടിയിലാകുന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് വയനാട് ചീരാൽ സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഓൺലൈൻ ട്രേഡ് ചെയ്ത് അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴിയും ബാങ്ക് അക്കാൗണ്ട് വഴിയും പണമായുമൊക്കെ 75 ലക്ഷം രൂപയോളം പ്രതികൾ വാങ്ങിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ലാഭമോ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ചീരാൽ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രണ്ട് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. സബ് ഇൻസ്പെക്ടർ പി.എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.