
ന്യൂഡൽഹി: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 228 കോടി തട്ടിപ്പുനടത്തിയെന്ന പരാതിയിൽ വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് ആൻമോൾ അംബാനിയുടെ വീട്ടിലും റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ (ആർഎച്ച്എഫ്എൽ) ഓഫീസിലും സിബിഐ റെയ്ഡ്.
മുംബൈയിലെ കഫേ പരേഡിലെ അനിൽ അംബാനിയുടെ വീടായ സീ വിൻഡ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിൽനിന്ന് സെർച്ച് വാറന്റ് നേടിയ സിബിഐ, റിലയൻസ് ഹോം ഫിനാൻസിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങൾ, റിലയൻസ് ഹോം ഫിനാൻസിന്റെ ഡയറക്ടറായിരുന്ന ജയ് അംബാനിയുടെ വീട്, ആർഎച്ച്എഫ്എൽ മുൻ സിഇഒയും മുഴുവൻസമയ ഡയറക്ടറുമായ രവീന്ദ്ര സുധാൽക്കറുടെ വീട് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ വക്താവ് അറിയിച്ചു.
വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നും 228 കോടി രൂപ കിട്ടാക്കടമായെന്നും കാണിച്ച് യൂണിയൻ ബാങ്ക് ജയ് അംബാനിക്കും ആർഎച്ച്എഫ്എലിനും മുൻ സിഇഒ രവീന്ദ്ര ശരദ് സുധാകറിനും എതിരേ നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. 18 ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് 5572.35 കോടി രൂപയുടെ വായ്പ ഹോം ഫിനാൻസ് ലിമിറ്റഡ് എടുത്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


