മോദി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മോദി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്വന്തംലേഖകൻ

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോൺഗ്രസ്, സി.പി.എം. തുടങ്ങിയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് കാണിച്ചാണ് ഇരു പാർട്ടികളും കമ്മീഷന് പരാതി നൽകിയത്.വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്ന ചിത്രം ഏപ്രിൽ ആദ്യവാരമാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ഏപ്രിൽ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രിൽ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിനാണ് നടക്കുന്നത്.ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിവേക് ഒബ്റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവർ ചേർന്നാണ്.