പ്രാദേശിക ചലച്ചിത്ര മേളയുടെ ആവേശം കൊട്ടിക്കയറുന്നു: ഫെസ്റ്റിവൽ ബുക്ക് പുറത്തിറങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ആത്മയും ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്ക് പുറത്തിറങ്ങി. ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ ഹ്രസ്വവിവരണവും, ചിത്രങ്ങളും അടങ്ങിയതാണ് ഫെസ്റ്റിവൽ ബുക്ക്. ചിത്രങ്ങളെയും ചലച്ചിത്ര സംവിധായകരെയും അടുത്തറിയാനും, പരിചയപ്പെടാനും അവസരം ഒരുക്കുന്നതാണ് ഫെസ്റ്റിവൽ ബുക്ക്. ലോക സിനിമയിലേയ്ക്ക് കോട്ടയത്തിന്റെ ജാലകം തുറക്കുന്ന ഫെസ്റ്റിവലിനെ പരിചയപ്പെടുത്തുന്നതാണ് ഫെസ്റ്റിവൽ ബുക്ക്.
അവധി ദിവസമായ ഇന്നും (ഫെബ്രുവരി 3 ) അനശ്വര തീയറ്ററിലെ ഫെസ്റ്റിവൽ കമ്മിറ്റി ഓഫിസിൽ ഡെലിഗേറ്റ് പാസുകൾ വിതരണം ചെയ്യും. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് പാസുകൾ വിതരണം ചെയ്യുക. ഫിലിം ഫെസ്റ്റിവലിലെ സിനിമകളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മനസിലാക്കാനുള്ള ഫെസ്റ്റിവൽ ബുക്ക് വാങ്ങാൻ നിരവധി ആളുകളാണ് എത്തുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ആർക്കും, അനശ്വര തീയറ്ററിലെ ഓഫിസിലെത്തി ചലച്ചിത്ര മേളയുടെ പാസ് കൈപ്പറ്റാം.