എന്റെ അത്യാഗ്രഹം മലയാള സിനിമയിൽ എന്നെ പിന്നോട്ടടിച്ചു: പുതിയ ചിത്രങ്ങൾ ഇല്ലാത്തതിന് കാരണം അത്യാഗ്രഹം മാത്രം: മഹിമ നമ്പ്യാർ
സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടു തന്നെ തന്റേതായ പാടവം തെളിയിച്ച നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥനിലൂടെ മലയാളത്തിൽ എത്തിയ നടി പിന്നീട് വെള്ളിത്തിരയിൽ മലയാളികൾക്ക് സുപരിചിതയാകാൻ നിന്നില്ല. പിന്നീട് മലയാള വെള്ളിത്തിരയിൽ സജീവമാതിരുന്ന ഇവർ ഇപ്പോൾ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുര രാജയിലൂടെയാണ് സിനിമയിൽ സജീവമായത്.
പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മഹിമ മലയാളത്തിന്റെ പടി കടന്നു വന്നത്. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ചിത്രത്തിനു ശേഷം മലയാളത്തിൽ പുതിയൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് മഹിമ പറയുന്നത്. അതിനു കാരണം തന്റെ ഒരു അത്യാഗ്രഹമാണെന്ന് മഹിമ പറയുന്നു.
‘മധുരരാജ കഴിഞ്ഞ് തമിഴിലിപ്പോൾ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകൾ ചെയ്തു. മലയാളത്തിൽ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ അവിടെയുള്ളവർ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാൻ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകൾ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇൻഡസ്ട്രയിൽ, ബെസ്റ്റ് റോളുകൾ മാത്രം ചെയ്താൽ മതിയെന്നൊരു അത്യാഗ്രഹം. എന്റെ സ്വന്തം ഭാഷയോടുള്ളൊരു സ്വാർഥത എന്നു വിളിച്ചാലും ഞാൻ സമ്മതിക്കും. കാരണം മലയാളം എനിക്കത്രയ്ക്ക് ഇഷ്ടമാണ്.’
‘സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രൺവീർ സിങ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം.’ വനിതയുമായുള്ള അഭിമുഖത്തിൽ മഹിമ നമ്ബ്യാർ പറഞ്ഞു.