play-sharp-fill
രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

രണ്ടാം മിനിട്ടിൽ അൽഫോൻസോ ഡേവിസിൻ്റെ ചരിത്ര ഗോൾ; പിന്നാലെ കളി പിടിച്ച് ക്രൊയേഷ്യ; കാലിടറി കാനഡ ; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ദോഹ: ഫിഫ ലോകകപ്പിൽ കാന‍ഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്കു കീഴടക്കി ക്രൊയേഷ്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും കൂട്ടരും വിജയം പിടിച്ചെടുത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനു ശേഷമാണ് ഈയൊരു തിരിച്ചുവരവ് എന്നത് വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിക്കൊണ്ട് കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു. ബുച്ചനാൻ്റെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ അൽഫോൻസോ ഡേവിസ് ആണ് കാനഡയ്ക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാൽ ക്രൊയേഷ്യ പതറിയില്ല. 36ആം മിനിറ്റിൽ ക്രമാരിച്ചിലൂടെ അവർ തിരിച്ചടിച്ചു. ഇവാൻ പെരിസിച്ച് ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്.

വെറും 8 മിനിട്ടിൻ്റെ ഇടവേളയിൽ ക്രൊയേഷ്യ മത്സരത്തിൽ ലീഡ് നേടുകയും ചെയ്തു. ഇത്തവണ ജുറനോവിച്ചിൻ്റെ പാസ്സ് സ്വീകരിച്ച് ലിവാജയാണ് ലക്ഷ്യം കണ്ടത്. അതോടെ ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ കാനഡ പൊരുതി നോക്കിയെങ്കിലും ക്രൊയേഷ്യ അതെല്ലാം മുളയിലേ നുള്ളി എന്നുവേണം പറയാൻ. ലീഡ് നേടിയിട്ടും ആക്രമണത്തിൽ ക്രൊയേഷ്യ അയവ് വരുത്തിയില്ല. അതിൻ്റെ ഫലമായി 70ആം മിനിറ്റിൽ അവർ മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണയും പെരിസിച്ച്-ക്രമാരിച്ച് കോംബോയാണ് കാണുവാൻ കഴിഞ്ഞത്. പെരിസിച്ച് ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസ് സ്വീകരിച്ച് ഒരു മികച്ച ഫിനിഷിലൂടെ ക്രമാരിച്ച് പന്ത് വലയിലാക്കുകയായിരുന്നു. സ്കോർ 3-1. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ക്രൊയേഷ്യ മത്സരത്തിലെ അവസാന ഗോളും സ്വന്തമാക്കി.

കാനഡയുടെ പ്രതിരോധ പിഴവിൽ നിന്നും നേടിയെടുത്ത പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ ഓർസിച്ച് ഗോളിയുടെ തൊട്ടുമുമ്പിൽ വെച്ച് പന്ത് മേജറിന് കൈമാറി. താരത്തിൻ്റെ അനായാസ ഫിനിഷ് കനേഡിയൻ ഗോൾകീപ്പറെ മറികടന്ന് വലയിൽ. അതോടെ ഗോൾപട്ടിക പൂർണമായി. പിന്നാലെ ഫൈനൽ വിസിലും മുഴങ്ങി. അങ്ങനെ 4-1 എന്ന വലിയ സ്കോറിന് മത്സരം ക്രൊയേഷ്യ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് പ്രവേശിക്കുവാൻ അവർക്ക് കഴിഞ്ഞു. കളിച്ച 2 മത്സരങ്ങളും പരാജയപ്പെട്ട കാനഡ പ്രീക്വാർട്ടർ കാണാതെ പുറത്തായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group