ഓസീസ് പൂട്ടിലും മെരുങ്ങാതെ മെസ്സിപ്പട ; എട്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പ് ക്വാർട്ടറിൽ; പൊരുതിക്കളിച്ച ഓസ്ട്രേലിയയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; അവസാന എട്ടില്‍ ഡച്ച് പടയുമായി ഏറ്റുമുട്ടല്‍
ദോഹ : പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സിയും, യുവതാരം ജൂലിയൻ അൽവാരസുമാണ് അർജന്‍റീനക്കായി വലകുലുക്കിയത്.
പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോൾ നേടി.
പോരാട്ട വീര്യം ഒട്ടും ചോരാതെ ഇരു ടീമുകളും കളിച്ചപ്പോൾ കളിക്കളത്തിൽ മറ്റൊരു ചരിത്രം രചിക്കുകയായിരുന്നു.
പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം അലെസാന്ദ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ഡെൻമാർക്കിനെ തോൽപ്പിച്ച ടീമിൽ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തി. ഇടതുവിങ്ങിൽ ബക്കൂസിനു പകരം ഗുഡ്‌വിൻ എത്തി
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ മെസി ഗോൾവലകുലുക്കിയതോടെയാണ് കളി അതിന്റെ മുറുക്കത്തിലേക്ക് എത്തിയത്. ഒട്ടാമെൻഡി നൽകിയ പാസ് കാലിൽ സ്വീകരിച്ച മെസ്സി ആസ്ത്രേലിയൻ ബോക്സിന്റെ 15 വാര അകലെ നിന്ന് ബുള്ളറ്റ് കണക്കെ തൊടുത്തുവിട്ടു. ആസ്ത്രേലിയൻ ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക്. നോക്കൗട്ടിലെ മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.
ഓസീസ് ഗോളിയുടെ ഗുരുതരമായ പിഴവാണ് 58 -ാം മിനിറ്റിൽ ആൽവാരേസ് മുതലാക്കിയത്. ഓസീസ് പ്രതിരോധക്കാർ പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആൽവരെസ് അത് നേരെ വലയിലേക്ക് തൊടുത്തു.
അപ്രതീക്ഷിതമായാണ് ഓസ്‌ട്രേലിയ ഒരു ഗോൾ മടക്കിയത്. അർജന്റീന ഗോൾമുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്‌വിൻ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയിൽ കയറുകയായിരുന്നു.
ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത്.