വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ; അന്വേഷണത്തിൽ അശ്വിൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു
മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരന്‍ അറസ്റ്റിൽ. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തില്‍ കൈതമണ്ണിൽ അശ്വിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുതവരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.
മന്യയും അശ്വിനും തമ്മിൽ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിൻ മന്യയുമായി ഫോണിൽ സംസാരിച്ച് തെറ്റിപിരിഞ്ഞിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിൽ നിന്ന് അശ്വിൻ പിന്മാറിയതിൽ മനംനൊന്ത് മന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.