
കോട്ടയം : കാലാവസ്ഥ ഞൊടിയിടയിൽ മാറി മറിയുന്നതോടെ ജില്ലയിൽ ചികിത്സ തേടുന്ന പനി ബാധിതരുടെ എണ്ണവും വർധിച്ചു. മിക്ക ആശുപത്രിയിലും ഒ.പി.യിൽ പനി മാറിയാലും വിട്ടുമാറാത്ത ചുമയാണ് പലരെയും അലട്ടുന്നത്.കൂടുതൽ എത്തുന്നത് വൈറൽ പനി ബാധിതരാണ്.
കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയെത്തുന്നവർ ആയിരക്കണക്കിന്.സ്വകാര്യ ആശുപത്രികളിൽ പലതിലും മുറികൾ കിട്ടാനില്ല.
വൈറൽ പനിയോടൊപ്പം എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഇൻഫ്‌ളുവൻസ, വയറിളക്കരോഗങ്ങൾ തുടങ്ങിയവയും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും പനിവ്യാപനത്തിനു പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനകൾക്കും മറ്റുമായി ആശുപത്രിയിലെത്തേണ്ട പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡോക്ടർമാർ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വകാര്യ ആശുപ്രതികൾ, ക്ലിനിക്കുകൾ, ഹോമിയോ-ആയുർവേദ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടിയവരുടെ എണ്ണംകൂടി നോക്കിയാൽ വർധന വലിയ രീതിയിലാണ്.
ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ ഈ മാസം വർധനയുണ്ടായിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികളും പറയുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ പനിവിവരങ്ങൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്താറുള്ളത്.
പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതുമാണ് രോഗപ്പകർച്ച കൂട്ടുന്നത്. പനി ഭേദമാകാതെ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണതയും രോഗം പടരുന്നതിന് കാരണമാകുന്നു.
മാസ്ക് ധരിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെങ്കിലും മിക്കവരും ഇതിന് തയ്യാറാകുന്നില്ല. ആശുപത്രി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലയിലെ പല സ്കൂളുകളും കുട്ടികളോട് മാസ്ക് ധരിച്ചുവരാൻ നിർദേശം നൽകി.
മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനിൽക്കുന്നത് ഡെങ്കി കൊതുകുകളുടെ വ്യാപനത്തിന് അനുകൂലമാണ്. വീടിനു പുറത്ത് മാത്രമല്ല, വീട്ടകങ്ങളിലും പ്രത്യേകിച്ചും ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കുന്നു. സ്വയംചികിത്സ ആരോഗ്യസ്ഥിതി ഗുരുതരമാക്കും. രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് ക്ഷീണം കുറയ്ക്കും. ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ മരുന്നുകൾ കഴിക്കാവൂ.