
കര്‍ണാടകയില്‍ പെണ്‍ ഭ്രൂണഹത്യ പെരുകുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍, സ്‌കാനിങ് സെന്ററുകള്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖിക
കര്‍ണാടക: കർണാടകയിൽ പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു,മണ്ടിയ, മൈസൂരു തുടങ്ങിയ ജില്ലകളില്‍ നിന്നാണ് ഏറ്റവും അധികം പെണ്‍ ഭ്രൂണഹത്യകള്‍ നടന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകകള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബറില്‍ ബെംഗളുരുവില്‍ നിന്ന് പിടിയിലായ ഡോക്ടറും ലാബ് ടെക്നീഷ്യനും ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് സംസ്ഥാന വ്യാപകമായി നടക്കുന്ന ലിംഗനിര്‍ണയ ക്ലിനിക്കുകളെ കുറിച്ചും ഗര്‍ഭം അലസിപ്പിക്കല്‍ കേന്ദ്രങ്ങളെകുറിച്ചും സൂചന ലഭിച്ചത്. ഇതോടെയാണ് ബെംഗളുരു പോലീസ് നടത്തി വന്ന അന്വേഷണം ആഭ്യന്തര വകുപ്പിന് കീഴിലെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിന് ( CID ) കൈമാറാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചത് .
മണ്ടിയ ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ ഫാം ഹൗസുകള്‍ എന്ന വ്യാജേന ലിംഗനിര്‍ണയ ക്ലിനിക്കുകളും ഗര്‍ഭം അലസിപ്പിക്കല്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. ബെംഗളുരുവില്‍ അറസ്റ്റിലായ 22 അംഗ സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ 242 ഭ്രൂണഹത്യകള്‍ നടത്തിയതായി പോലീസിനോട് തുറന്നു സമ്മതിച്ചിരുന്നു. നഗരത്തിനു പുറത്തുള്ള ക്ലിനിക്കുകളില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയാണ് ഗര്‍ഭിണികള്‍ സംഘത്തിന് മുന്നില്‍ ഗര്‍ഭം അലസിപ്പിക്കാനായി എത്തിയിരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് 1000 പെണ്‍ഭ്രൂണ ഹത്യകള്‍ നടത്തിയതായും സംഘം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ ഗൗരവത്തിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം ആരോഗ്യ കേന്ദ്രങ്ങളോട് ഇക്കാര്യത്തില്‍ ജാഗ്രത കാട്ടാന്‍ നിര്‍ദേശം നല്‍കി.ഗര്‍ഭിണികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പിന്തുടരുന്നതിനും സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. കര്‍ണാടകയിലെ മുഴുവന്‍ സ്‌കാനിങ് സെന്ററുകളും നിരീക്ഷിക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
സ്‌കാനിങ് സെന്ററുകളിലെ ഡാറ്റകള്‍ മൂന്നു മാസത്തിലൊരിക്കല്‍ ആരോഗ്യ വകുപ്പ് പരിശോധിക്കണം. പെണ്‍ ഭ്രൂണഹത്യക്കു എന്ത് കൊണ്ട് ഗര്‍ഭിണികള്‍ മുതിരുന്നുവെന്നതിനു കാരണം കണ്ടെത്താനും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്തു കര്‍ണാടകയില്‍ വ്യാപകമായിരുന്നു പെണ്‍ ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിയമം മൂലം നിരോധിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തതോടെയാണ് ഇതിനു അറുതിയായത്