
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്.
അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു.
അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നൽകും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കുമെന്ന് ഫെഫ്ക പറഞ്ഞു. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബർ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.