എഫ്.ഡി എടുക്കല്ലേ; പണം അത്യാവശ്യമാണോ? ഈ മാർഗം നോക്കൂ

Spread the love

പെട്ടെന്ന് ഒരാവശ്യം വന്നാൽ നമ്മളില്‍ പലരും ആദ്യം ചിന്തിക്കുന്നത് ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ചാണ്. എന്നാല്‍ എഫ്ഡി പൊട്ടിക്കാതെയും, പലിശ നഷ്ടപ്പെടാതെയും പണം കണ്ടെത്താന്‍ മറ്റൊരു വഴിയുണ്ട്. അതാണ് ‘എഫ്ഡി ഓവര്‍ഡ്രാഫ്റ്റ്’ . സ്ഥിരനിക്ഷേപം പിന്‍വലിച്ച് സമ്പാദ്യം ഇല്ലാതാക്കുന്നതിനേക്കാള്‍ ലാഭകരമാണ് പലപ്പോഴും ഈ രീതി

video
play-sharp-fill

സ്ഥിരനിക്ഷേപം ഈടായി നല്‍കിക്കൊണ്ട് ബാങ്ക് ഒരു വായ്പാ പരിധി നിശ്ചയിച്ചു തരുന്നതാണ് ഈ സംവിധാനം. സാധാരണയായി നിക്ഷേപത്തുകയുടെ 75 മുതല്‍ 90 ശതമാനം വരെ തുക ഇത്തരത്തില്‍ ഉപയോഗിക്കാം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, അനുവദിച്ച തുകയ്ക്ക് മുഴുവനായല്ല, മറിച്ച് എത്ര രൂപയാണോ പിന്‍വലിക്കുന്നത്, ആ തുകയ്ക്ക് മാത്രമേ പലിശ നല്‍കേണ്ടതുള്ളൂ എന്നതാണ്.

നെറ്റ് ബാങ്കിംഗ് വഴിയോ ആപ്പുകള്‍ വഴിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ഓവര്‍ഡ്രാഫ്റ്റ് സ്വന്തമാക്കാം. എഫ്ഡി ഈടായി ഉള്ളതുകൊണ്ട് സിബില്‍ സ്‌കോര്‍ പോലും പലപ്പോഴും ബാങ്കുകള്‍ നോക്കാറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവധി എത്തും മുന്‍പേ എഫ്ഡി പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും. മാത്രമല്ല, ലഭിക്കേണ്ടിയിരുന്ന പലിശയും കുറയും. എന്നാല്‍ ഓവര്‍ഡ്രാഫ്റ്റ് എടുക്കുമ്പോള്‍ എഫ്ഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പലിശ തുടര്‍ന്നും ലഭിക്കും.

വായ്പയായി എടുക്കുന്ന തുകയ്ക്ക്, എഫ്ഡി പലിശ നിരക്കിനേക്കാള്‍ 0.5% മുതല്‍ 2% വരെ അധികം പലിശ നല്‍കിയാല്‍ മതിയാകും. വ്യക്തിഗത വായ്പകളേക്കാളും , ക്രെഡിറ്റ് കാര്‍ഡ് പലിശയേക്കാളും വളരെ കുറഞ്ഞ നിരക്കാണിത്.

ആശുപത്രി ആവശ്യങ്ങള്‍ക്കോ, വീട് പണി, കാര്‍ റിപ്പയര്‍ തുടങ്ങിയ പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ക്കോ ഇത് അനുയോജ്യമാണ് . ദീര്‍ഘകാലത്തേക്ക് പണം ആവശ്യമുണ്ടെങ്കിലോ, എടുത്ത തുക പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ കഴിയില്ലെങ്കിലോ ഓവര്‍ഡ്രാഫ്റ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്.

കാരണം കാലക്രമേണ പലിശ ബാധ്യത കൂടും. ഇത്തരം സാഹചര്യങ്ങളില്‍ എഫ്ഡി പിന്‍വലിക്കുന്നതുതന്നെയാണ് ഉചിതം. ഓവര്‍ഡ്രാഫ്റ്റ് എപ്പോഴും ഒരു ഹ്രസ്വകാലത്തേക്കുള്ള പരിഹാരമായി മാത്രം കാണുക.