
ആംബുലൻസിലെത്തിച്ച കുഞ്ഞിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തു
സ്വന്തംലേഖകൻ
കോട്ടയം : മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധയ്ക്കിടയാക്കും വിധം പോസ്റ്റിട്ടതിനാണ് നടപടി.അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബിനില്‍ സോമസുന്ദരം കുഞ്ഞിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.