
സ്വന്തംലേഖകൻ
കോട്ടയം : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്നും ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമുള്ള ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് തള്ളി ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം. ആനക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന മാധ്യമ വാര്‍ത്തകളെയും അദ്ദേഹം എതിര്‍ത്തു. ആനയുടെ രക്തം മണ്ണുത്തി വെറ്റിനറി കോളജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളൂ. അതിന്റെ ഫലം വരുന്നതിനു മുമ്പാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്ന് വെങ്കിടാചലം വ്യക്തമാക്കി.‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രക്തം പരിശോധനക്കെടുത്തയുടനെ ആനയ്ക്ക് മദമില്ലെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പരത്തുന്നത് സത്യവിരുദ്ധമാണ്. അതിന്റെ രക്തം മണ്ണുത്തി വെറ്റിനറി കോളജില്‍ പരിശോധനക്ക് എത്തിച്ചിട്ടേയുള്ളു. പരിശോധന കഴിഞ്ഞാലേ അതിന്റെ മദം സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കൂ.’ എന്ന് വെങ്കിടാചലം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും വെങ്കിടാചലം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ‘ഇതില്‍ കാണുന്ന ഫോര്‍മാറ്റിലാണോ ഇന്നത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താങ്കള്‍ക്ക് മൂന്നംഗ ആന പരിശോധന സമിതി നല്‍കിയിട്ടുള്ളതെന്നു പരിശോധിക്കുക. ഇതില്‍ കാണുന്ന ഫോര്‍മാറ്റില്‍ അല്ല അത് തന്നിരിക്കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണ്.

ആനയുടെ അന്ധത ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയ മൃഗരോഗ ചികിത്സാ വിദഗ്ധന്‍ ആരാണെന്നും അതിന്റെ മസ്തകത്തിലെ മുറിവ് സംബന്ധിച്ച വിവരം മറച്ചു വെച്ചിട്ടുള്ളത് എന്തുകൊണ്ടാണെന്നും താങ്കള്‍ അന്വേഷിക്കേണ്ടതാണ്’- യഥാര്‍ത്ഥ ഫോര്‍മാറ്റ് പങ്കു വെച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെടുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടിന്റെ ലക്ഷണമില്ലെന്നും ആനയുടെ ആരോഗ്യനില തൃപ്തികരമെന്നും ഫിറ്റ്നസ് പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആനയുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും, കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ആരോഗ്യക്ഷമത അനുകൂലമാണെങ്കില്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു. ജില്ലാകളക്ടര്‍ അദ്ധ്യക്ഷയായ നാട്ടാന നിരീക്ഷണ കമ്മിറ്റി യോഗത്തിന്റെതായിരുന്നു തീരുമാനം. ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുമെന്നാണ് കളക്ടര്‍ ടി.വി അനുപമ പറഞ്ഞിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


