video
play-sharp-fill

നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മതില്‍ ഇടിച്ച് തകര്‍ത്ത് കിണറില്‍ വീണു; അപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മതില്‍ ഇടിച്ച് തകര്‍ത്ത് കിണറില്‍ വീണു; അപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം

Spread the love

വളാഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത് സ്വകാര്യവ്യക്തിയുടെ കിണറില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം. മാറാക്കര എയുപി സ്‌കൂളിനു സമീപം കുന്നത്തുംപടിയന്‍ ഹുസൈന്‍(65), മകന്‍ ഹാരിസ് ബാബു(32) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച മാറാക്കര എന്‍ഒസി പടി-കീഴ്മുറി റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഇരുവരും ഏര്‍ക്കര ജുമാ മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തശേഷം സഹോദരന്റെ വീട്ടിലുള്ള മാതാവിനെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഹാരിസ് ബാബുവാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരും തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസും ചേർന്നാണ് ഇരുവരേയും കിണറില്‍നിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കദീജയാണ് ഹുസൈന്റെ ഭാര്യ. അപകടത്തില്‍ മരിച്ച ഹാരിസ് ബാബുവിനെ കൂടാതെ മുസ്തഫ(ഗള്‍ഫ്), സുബൈദ, നാസര്‍, കുഞ്ഞിമുഹമ്മദ് എന്നിവരും മക്കളാണ്. മരുമക്കള്‍: റഷീദ, അബൂബക്കര്‍, ജംഷീന, അലീമ.

കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് ഹാരിസ് ബാബു. ഭാര്യ: ഹസീന. മകന്‍: ഹനാന്‍. കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ തിരൂര്‍ ഗവ. ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാറാക്കര ഏര്‍ക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.