ഭാര്യയുമായുള്ള വഴക്കിനിടെ മൂത്ത മകനുമായി പിതാവ് ഗൾഫിലേക്ക് കടന്നു: ഭാര്യയുടെ പരാതിയെ തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ച് പോലീസ്

Spread the love

 

കാഞ്ഞങ്ങാട്: ഭാര്യയുമായുള്ള പ്രശ്‌നത്തിനിടെ രണ്ടു മക്കളില്‍ ഒരാളുമായി പിതാവ് ഗള്‍ഫിലേക്ക് കടന്നു. മകനെ കൊണ്ടു പോയതറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകി.

 

കൊളവയല്‍ സ്വദേശി തബ്ഷീറയാണ് ഭര്‍ത്താവ് കണമരം ഷക്കീറി (40) നെതിരെ പരാതിയുമായെത്തിയത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം. ചീമേനി സ്വദേശിയായ ഷക്കീര്‍ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു.

 

വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശംകൂടി വന്നതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭര്‍ത്താവ് മകനെയും കൂട്ടി ഗള്‍ഫിലേക്ക് പോയെന്നറിഞ്ഞപ്പോള്‍ത്തന്നെ തബ്ഷീറയുടെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

 

കേസ് വര്‍ഷങ്ങള്‍ നീണ്ടിട്ടും മകനെ ഒന്നു കാണാന്‍ പോലും ആയില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് തബ്ഷീറ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. അടുത്തമാസം മൂന്നിന് കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

 

ഇതോടെ ഹൊസ്ദുര്‍ഗ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഷക്കീറും മകനും മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്റര്‍പോളില്‍നിന്ന് വിവരം ലഭിച്ചു.

 

ബുധനാഴ്ച പുലര്‍ച്ചെയോടെയെത്തിയ ഷക്കീറിനെയും മകനെയുംകൂട്ടി പോലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ പിതാവിന് ജാമ്യം നല്‍കിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു.