play-sharp-fill
മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിന് ക്രൂര മർദനം: പിതാവിനെ പൊലീസ് പിടികൂടി; കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും

മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിന് ക്രൂര മർദനം: പിതാവിനെ പൊലീസ് പിടികൂടി; കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: മദ്യലഹരിയിൽ പിഞ്ചു കുഞ്ഞിനെ മർദിച്ച് അവശനാക്കിയ കേസിൽ പിതാവിനെ പൊലീസ് പിടികൂടി. മദ്യലഹരിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ പിതാവ് കുട്ടിയെ വടിയുപയോഗിച്ച് ആക്രമിച്ച് അവശനാക്കുകയായിരുന്നു. ആക്രമണത്തിനിരയായ ഗുരുതരാവസ്ഥയിലായ കുട്ടിയെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. രണ്ടു ദിവസത്തോളം ഒളിവിൽ കഴിഞ്ഞ തമിഴ്‌നാട് കന്യാകുമാരി കാട്ടുവിള കടയൽ ജസ്റ്റിൻ സോമനെ(40)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തേക്കും.
സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ജസ്റ്റിൻ കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു. വടിയും ബൈൽറ്റും അടക്കം ഉപയോഗിച്ച് കുട്ടിയെ പിതാവ് മർദിച്ചിരുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം രാവിലെ മാതാവ് വീട്ടുജോലിയ്ക്കായി പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് മർദനമേറ്റ് അവശയായ നിലയിൽ കുട്ടിയെ കട്ടിലിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മാതാവ് തന്നെയാണ് കുട്ടിയെ ഏറ്റുമാനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സ്ഥലത്ത് എ്ത്തിയ പൊലീസ് സംഘം മാതാവിന്റെ മൊഴിയെടുത്തു. തുടർന്ന് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പൊലീസ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.